Sorry, you need to enable JavaScript to visit this website.

മരിച്ചു വീഴുന്ന 'കുട്ടി അടിമകൾ'; ഗൂഗിളിനും ആപ്പിളിനുമെതിരെ കേസ് 

ആധുനിക ടെക് ലോകം അടക്കി വാഴുന്ന ആപ്പിൾ, ഗൂഗിൾ, ഡെൽ, മൈക്രോസോഫ്റ്റ്, ടെസ്‌ല  കമ്പനികൾക്കെതിരെ ഗുരുതര ആരോപണവുമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കുടുംബങ്ങൾ.  കോബാൾട്ട് ലോഹമൂലക ഖനിയിൽ പണിയെടുത്തിരുന്ന 14 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ്  അമേരിക്കൻ മനുഷ്യാവകാശ സംഘടനയായ ഇന്റർനാഷണൽ റൈറ്റ്സ് അഡ്വക്കറ്റ്സ് മുഖേന കമ്പനികൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. 


പല കമ്പനികളും സ്മാർട്ട് ഫോണുകളിലും ലാപ്ടോപ്പുകളിലും ഇലക്ട്രിക് കാറുകളിലും ഉപയോഗിക്കുന്ന കോബാൾട്ടിനായി ബാലവേലയടക്കമുള്ള നിയമ വിരുദ്ധ പ്രവൃത്തികൾ ഖനന മേഖലയിൽ നടത്തുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. ഖനനത്തിനായി കുഴിച്ച തുരങ്കം തകർന്നും പണിക്കിടെ പരിക്കേറ്റുമാണ് 14 കുട്ടികളും മരിച്ചത്. കൂടാതെ നിരവധി കുട്ടികൾക്ക് വൈകല്യം സംഭവിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മേഖലയിൽ  അനുവദനീയമല്ലാത്ത കാര്യങ്ങൾ നടന്നിരുന്നുവെന്നും അതേപ്പറ്റി കമ്പനികൾക്ക് നേരത്തെ അറിവുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. എന്നാൽ മൈക്രോസോഫ്റ്റും ആപ്പിളും തങ്ങൾക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും മറിച്ചാണ് കാര്യങ്ങൾ നടക്കുന്നത്.
അഴിമതിയും കെടുകാര്യസ്ഥതയും ദാരിദ്ര്യവും രോഗങ്ങളും അടക്കി വാഴുന്ന കോംഗോയിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു പരമ്പര തന്നെയാണ് അരങ്ങേറുന്നത്. ദാരിദ്ര്യം മുതലെടുത്താണ് പല വൻകിട കമ്പനികളും കോംഗോയിലെത്തുന്നത്. 


ലോകത്ത് ഏറ്റവുമധികം കോബാൾട്ട് ഖനനം ചെയ്തെടുക്കുന്ന രാജ്യമാണ് കോംഗോ. കോബാൾട്ടിനു പുറമെ കോപ്പർ, കാഡ്മിയം, യുറേനിയം, ടിൻ, റേഡിയം തുടങ്ങി വിവിധ തരം  ധാതുക്കളുടെ അളവിൽ കവിഞ്ഞ സമ്പത്ത് രാജ്യത്തുണ്ട്. 10,000 ത്തിനു മുകളിൽ കോംഗോ നിവാസികൾ കോബാൾട് ഖനന പ്രദേശങ്ങളിൽ മാത്രം  ജോലി ചെയ്യുന്നതായാണ് കണക്കുകൾ. യാതൊരു വിധ സുരക്ഷയുമില്ലാതെയാണ് കുട്ടികൾ അടക്കം അവിടെ ജോലി ചെയ്യുന്നത്. അഞ്ചു വയസ്സു പോലും തികയാത്ത കുട്ടികൾ കോബാൾട്ട് നിറച്ച ചാക്കുകൾ തലച്ചുമടായി കൊണ്ടുപോകുന്നത് കോങ്കോയിലെ സ്ഥിരം കാഴ്ചയാണ്. ഖനന മേഖലയിലെ കുട്ടി പണിക്കാർക്ക് 2-3 ഡോളർ വരെയാണ് ശമ്പളമായി നൽകിയിരുന്നത്. 
വൻകിട കമ്പനികൾ കോബാൾട്ടിനായി ബാലവേല ചെയ്യിപ്പിക്കാറില്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇവരുടെയെല്ലാം ഏജന്റുമാർ നേരിട്ടെത്തിയാണ് ജനങ്ങളെ ചൂഷണം ചെയ്ത് കോബാൾട്ടുമായി രാജ്യം വിടുന്നത്. 

 

Latest News