ന്യൂദല്‍ഹി-പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തിപ്പെട്ട പ്രതിഷേധം നേരിടാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരോധനാജ്ഞ. ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ബംഗളൂരും മംഗളൂരും ഉള്‍പ്പെടെ പല ഭാഗത്തും 144 പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളും യുവാക്കളും മാര്‍ച്ച് പ്രഖ്യാപിച്ച ദല്‍ഹിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ ഇന്ന് ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് പ്രതിഷേധം തടയുകയെന്ന ലക്ഷ്യത്തെടെ 144 പ്രഖ്യാപിച്ചത്. ജാമിഅ മില്ലിയ, ജസോള വിഹാര്‍, ഷഹീന് ബാഗ് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ മുംബൈയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും മറ്റു പാര്‍ട്ടികളും ചേര്‍ന്ന് ഹം ഭാരത് കെ ലോഗ് എന്ന പേരില്‍ പുതിയ മുന്നണി രൂപീകരിച്ചു. ആഗസ്റ്റ് ക്രാന്തി മൈതാനത്ത് കൂറ്റന്‍ റാലി നടത്താനാണ് തീരുമാനം. നിയമവും എന്‍.ആര്.സിയും ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.