സിനിമാ കുടുംബത്തിൽനിന്ന് വെള്ളിത്തിരയിലെത്തി, തെന്നിന്ത്യയിലെ പ്രമുഖ താരമായി വളർന്ന കീർത്തി സുരേഷ് സാക്ഷാൽ സ്റ്റൈൽ മന്നന്റെ നായികയാവുന്നു. രജനീകാന്തിന്റെ 168ാം ചിത്രത്തിൽ നായിക കീർത്തിയാണെന്ന് നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതിക, മഞ്ജു വാര്യർ, മീന എന്നിവരിലൊരാളായിരിക്കും നായികയെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. അതോടൊപ്പം തന്നെ ചിത്രത്തിൽ കീർത്തിയെ കാസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും പറഞ്ഞുകേട്ടിരുന്നു.
ദർബാറിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കീർത്തി അഭിനയിക്കുന്നത്. പേട്ടയ്ക്ക് ശേഷം സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന രജനി ചിത്രം കൂടിയാണിത്.
രജനീകാന്തിനൊപ്പം അഭിനയിക്കുന്ന കാര്യം കീർത്തിയും ട്വിറ്ററിലൂടെ പുറത്തുവിട്ടു. രജനികാന്ത് സാറിനെ കണ്ടു അത്ഭുതപ്പെട്ടിരുന്ന ഞാൻ അദ്ദേഹത്തോടൊപ്പം വെള്ളിത്തിരയിലെത്താൻ പോകുന്നു. ജീവിതത്തിലെ വിലമതിക്കാനാവാത്ത മുഹൂർത്തം എന്നായിരുന്നു കീർത്തിയുടെ ട്വീറ്റ്. ഇത് തന്റെ കരിയറിലെ നാഴികക്കല്ലാണെന്നും എക്കാലത്തേക്കും ഓർമ്മയിൽ സൂക്ഷിക്കാവുന്ന അനുഭവമാകുമെന്നും കീർത്തി തുടർന്നു.
2016ൽ ശിവകാർത്തികേയൻ നായകനായ രജനി മുരുകനിലൂടെയായിരുന്നു കീർത്തി സുരേഷിന്റെ തമിഴ് അരങ്ങേറ്റം. പിന്നീടിങ്ങോട്ട് ധനുഷ്, വിജയ്, സൂര്യ, വിക്രം എന്നിവർക്കൊപ്പമെല്ലാം കീർത്തി അഭിനയിച്ചു. നിർമാതാവ് സുരേഷിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി.