ലാളിത്യമാണ് അനുശ്രീ എന്ന അഭിനേത്രിയുടെ കരുത്ത്. പാരമ്പര്യത്തിന്റെ പിൻബലമോ സിനിമാ പശ്ചാത്തലമോ ഒന്നുമില്ലാതെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കു കടന്നുവന്ന സാധാരണക്കാരി. ഒരു നടിയെന്ന നിലയിൽ എളുപ്പമായിരുന്നില്ല അവരുടെ അഭിനയ യാത്ര. എങ്കിലും അവർ അവതരിപ്പിച്ച വേഷങ്ങൾ ഒന്നിനൊന്നു വ്യത്യസ്തങ്ങളായിരുന്നു. ചെറുതും വലുതുമായ വേഷങ്ങൾ മാത്രമല്ല, ശക്തമായതും അതേസമയം ഹാസ്യരസ പ്രധാനവുമായ വേഷങ്ങൾ അനുശ്രീയിൽ സുരക്ഷിതമായിരുന്നു.
ചാനൽ റിയാലിറ്റി ഷോയിലൂടെ ലാൽ ജോസാണ് അനുശ്രീയെ മലയാള സിനിമക്കു പരിചയപ്പെടുത്തിയത്. ഡയമണ്ട് നെക്‌ലേസ് എന്ന ചിത്രത്തിൽ കലാമണ്ഡലം രാജശ്രീ എന്ന നാടൻ പെൺകുട്ടിയായി ഫഹദിന്റെ നായികയായി എത്തുമ്പോൾ സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയൊന്നും ഉണ്ടായിരുന്നില്ലെന്ന് അനുശ്രീ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീട് അയൽക്കാരി കുട്ടിയായും വീട്ടമ്മയായും അതിഥി വേഷങ്ങളിലുമെല്ലാം അവർ തിളങ്ങുകയായിരുന്നു. 'നായികാ വേഷങ്ങൾ മാത്രമേ ചെയ്യൂ എന്ന നിർബന്ധമില്ല. അത്തരം വേഷങ്ങൾക്കായി കാത്തിരുന്നാൽ വീട്ടിലിരിക്കേണ്ടിവരും. ചെറുതെങ്കിലും നല്ല വേഷങ്ങൾ അവതരിപ്പിച്ച് അഭിനയ രംഗത്ത് തുടരണമെന്നാണ് മോഹം' -അനുശ്രീ പറയുന്നു. അഭിനയ ജീവിതത്തിൽ ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗമായ അനുശ്രീ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ്.
തിരിഞ്ഞു നോക്കുമ്പോൾ?
ഞങ്ങളുടെ കുടുംബത്തിൽ സിനിമയിലെത്തുന്ന ആദ്യത്തെ ആളാണ് ഞാൻ. ചാനൽ റിയാലിറ്റി ഷോയിലൂടെയാണ് അത് സഫലമായത്. ആ ഷോയിൽ എത്താനും വിജയിക്കാനുമായതാണ് ജീവിതം മാറ്റിമറിച്ചത്. സൂര്യ ടി.വിയിലെ വിവൽ ആക്ടീവ് ഫെയർ ബിഗ് ബ്രേയ്ക്ക് എന്ന റിയാലിറ്റി ഷോയിൽ വെച്ചാണ് സംവിധായകൻ ലാൽ ജോസ് സാറിനെ പരിചയപ്പെടുന്നത്. ഗുരുതുല്യനായ അദ്ദേഹമാണ് എന്നെ അഭിനയ രംഗത്തേക്കു വഴിനടത്തിയത്. ഒരു നാട്ടിൻപുറത്തുകാരിയുടെ പോരായ്മകളെല്ലാം മനസ്സിലാക്കിത്തന്ന് മുന്നോട്ടു നയിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിൽ വന്ന ശേഷം?
സിനിമയുടെ വെള്ളിവെളിച്ചത്തിൽ അഭിരമിക്കുന്ന മനസ്സല്ല എന്റേത്. ഇടവേളകളിൽ കൊല്ലം പത്തനാപുരത്തെ വീട്ടിലേക്ക് ഓടിയെത്താൻ ആഗ്രഹിക്കുന്ന മനസ്സിനുടമയാണ് ഞാൻ. എന്റെ നാടും വീടും വളർന്ന പശ്ചാത്തലവുമെല്ലാം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. നഗര പശ്ചാത്തലത്തിൽ ഒരു പരിധിയിൽ കൂടുതൽ കഴിയാനാവില്ല. ശ്വാസം മുട്ടുന്നതായി തോന്നും. അതുകൊണ്ടാണ് എറണാകുളത്തേക്കു പറിച്ചുനടാൻ കഴിയാത്തത്.
ഏറെയും ഗ്രാമീണ കഥാപാത്രങ്ങളാണല്ലോ?
നാടൻ കഥാപാത്രങ്ങളിലേക്കാണ് കൂടുതലും കാസ്റ്റ് ചെയ്യപ്പെടുന്നത്. എന്നാൽ മോഡേൺ കഥാപാത്രങ്ങളും ഇഷ്ടമാണ്. എന്തുകൊണ്ടോ എന്നെ ആളുകൾ കണ്ട് ഇഷ്ടപ്പെടുന്നതും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതും നാടൻ കഥാപാത്രങ്ങളിലേക്കാണ്. അതിനൊരു മാറ്റം വന്നത് രമേഷ് പിഷാരടിയുടെ പഞ്ചവർണ തത്തയാണ്. അതിലാണ് ലിപ് സ്റ്റിക്ക് പുരട്ടിയൊക്കെ അഭിനയിച്ചത്.
നായികാ വേഷങ്ങളിൽനിന്നും വഴിമാറിയുള്ള സഞ്ചാരം?
നിരവധി ചിത്രങ്ങളിൽ നായികയായിട്ടുണ്ടെങ്കിലും അതു മാത്രമേ ചെയ്യൂ എന്ന വാശിയൊന്നുമില്ല. വരുന്ന കഥാപാത്രങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടാകണം. സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകർ മറന്നുപോകുന്ന കഥാപാത്രമാകരുത് എന്നുണ്ട്. വൈവിധ്യമാർന്നതും കാണികൾ ഓർത്തിരിക്കുന്നതുമായ വേഷമാണെന്നു തോന്നിയാൽ വലിപ്പച്ചെറുപ്പമില്ലാതെ ഏറ്റെടുക്കും. മുഴുനീള വേഷമാകണമെന്നില്ല, അതിഥി വേഷമായാലും നെഗറ്റീവ് വേഷമായാലും സ്വീകരിക്കും.
പുതിയ ചിത്രമായ ഉൾട്ടായുടെ വിശേഷങ്ങൾ?
പൊന്നാപുരം ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റായ പൗർണമിയുടെ കഥയാണ് ഉൾട്ടായുടെ പ്രമേയം. ഈ നാടിനൊരു പ്രത്യേകതയുണ്ട്. ഇവിടെ നാടിന്റെയും വീടിന്റെയുമെല്ലാം കാര്യങ്ങൾ നോക്കിനടക്കുന്നത് സ്ത്രീകളാണ്. പഞ്ചായത്ത് ഭരിക്കുന്നതും വണ്ടിയോടിക്കുന്നതും പോലീസ് സ്റ്റേഷനും ആശുപത്രിയുമെല്ലാം നിയന്ത്രിക്കുന്നതും സ്ത്രീകളാണ്. സ്ത്രീകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ സ്ത്രീകളാണ് നിയമങ്ങൾ നടപ്പാക്കുന്നത്. സുരേഷ് പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രം കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലാണ് ചിത്രീകരിച്ചത്.
ഗോകുലിനൊപ്പം അഭിനയിച്ചപ്പോൾ?
ഗോകുൽ സുരേഷിനൊപ്പം ആദ്യമായാണ് വേഷമിടുന്നത്. ഒട്ടേറെ നല്ല ചിത്രങ്ങളിൽ നായകനായ സുരേഷ് ഗോപി ചേട്ടനോടൊപ്പം അഭിനയിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ മകനോടൊപ്പം വേഷമിടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. നല്ല സഹകരണമായിരുന്നു കൂടെ വേഷമിട്ടവരിൽനിന്നെല്ലാം ഉണ്ടായത്.
മധുരരാജയിലെ വേഷത്തെ എങ്ങനെ കാണുന്നു?
വൈശാഖ് സാറിന്റെ മോഹൻലാൽ ചിത്രമായ പുലിമുരുകനിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ ആ ചിത്രത്തിൽ അഭിനയിക്കാനായില്ല. അതിന്റെ സങ്കടം മാറിയത് മധുരരാജയിലേക്ക് ക്ഷണിച്ചപ്പോഴാണ്. മമ്മൂക്കക്കൊപ്പം ആദ്യമായി വേഷമിടുന്നതും ഈ ചിത്രത്തിലൂടെയാണ്. ലൊക്കേഷനിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി സംസാരിക്കുന്നത്. മധുരരാജയിലെ വാസന്തി വളരെ പരുക്കൻ കഥാപാത്രമായിരുന്നു. ഒരു പ്രദേശം അടക്കിഭരിക്കുന്ന വാസന്തിയെ ആ ദേശക്കാർക്കെല്ലാം ഭയമായിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ പിതാവിനെ കൊന്നവരോടുള്ള പ്രതികാരമായിരുന്നു ആ മനസ്സു മുഴുവൻ. തന്നെയും അനുജത്തിയെയും അനാഥരാക്കിയവരോടുള്ള പക അവളുടെ മനസ്സിൽ എപ്പോഴും ജ്വലിച്ചുനിന്നിരുന്നു. മമ്മൂക്കയെക്കുറിച്ച് പൊതുവേയുള്ള ധാരണ മാറിയതും ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു.
അന്യഭാഷകളിലേക്കുള്ള ചുവടുമാറ്റം?
അന്യഭാഷകളിൽനിന്നും അവസരം വന്നപ്പോൾ സന്തോഷപൂർവം നിരസിക്കുകയായിരുന്നു. ആത്മവിശ്വാസക്കുറവ് തന്നെയായിരുന്നു കാരണം. എന്നാൽ ഇപ്പോൾ ഒരു വിശ്വാസം തോന്നിത്തുടങ്ങിയിട്ടുണ്ട്. അന്യഭാഷകളിലും ഒരു കൈ നോക്കാം എന്നൊരു ധൈര്യമുണ്ട്. നല്ലൊരു തുടക്കത്തിന് കാത്തിരിക്കുകയാണ്.
ഹാസ്യ കഥാപാത്രങ്ങൾ?
സീരിയസ് കഥാപാത്രങ്ങൾക്കൊപ്പം ഹാസ്യ വേഷങ്ങളും ചെയ്യാനാകുന്നതിൽ സന്തോഷമുണ്ട്. കോമഡിയാണ് ഏറെ വിഷമമെന്ന് പലരും പറയാറുണ്ട്. സത്യമാണത്. മറ്റുള്ളവരെ ചിരിപ്പിക്കാൻ വലിയ ബുദ്ധിമുട്ടാണ്. നാട്ടിൻപുറത്തുകാരിയോ പോലീസുകാരിയോ ചട്ടമ്പിയോ ഒക്കെയാകാം. ഒരു കൊമേഡിയനാകാൻ നല്ല ഹ്യൂമർ സെൻസ് വേണം.
ഏതു തരത്തിലുള്ള കഥാപാത്രങ്ങളോടാണ് ഏറെയിഷ്ടം?
വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിക്കാനാണിഷ്ടം. ഓട്ടോർഷ എന്ന ചിത്രത്തിൽ അഭിനയിക്കാനായി ഓട്ടോ ഓടിക്കാൻ പഠിച്ചു. ഏതു പാതിരാത്രിക്കും കുണ്ടും കുഴിയുമുള്ള റോഡായാലും ഓട്ടോ ഓടിച്ചുപോകും. പണിയൊന്നുമില്ലെങ്കിൽ ഓട്ടോ ഓടിച്ചും ജീവിക്കാം എന്നായിട്ടുണ്ട്. മനസ്സിലുള്ള വേഷം ഒരു അത്‌ലറ്റിന്റേതാണ്. കാരണം സ്‌കൂൾ ക്ലാസുകളിൽ പഠിക്കുമ്പോൾ സ്‌പോർട്‌സിൽ പങ്കെടുക്കുമായിരുന്നു. രണ്ടു വർഷം തിരുവനന്തപുരത്തെ ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിലാണ് പഠിച്ചത്. ഒരു അത്‌ലറ്റിന്റെ ജീവിതത്തിലെ ദുരിതങ്ങളും പരിശീലനവും ജയപരാജയങ്ങളുമെല്ലാം കോർത്തിണക്കിയ ഒരു ചിത്രത്തിൽ വേഷമിടണമെന്ന ആഗ്രഹമുണ്ട്.
കൂടെ അഭിനയിക്കാൻ ആഗ്രഹിക്കുന്ന നടന്മാർ?
ഉണ്ണി മുകുന്ദൻ പണ്ടു മുതലേ ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തോടൊപ്പം ഒരു ചിത്രത്തിൽ വേഷമിടണമെന്നുണ്ട്. കൂടാതെ ദുൽഖറിനൊപ്പവും ടൊവിനോക്കൊപ്പവുമെല്ലാം വേഷമിടണമെന്നുണ്ട്. സമയമുണ്ടല്ലോ. നടക്കുമായിരിക്കും.
പുതിയ ചിത്രങ്ങൾ?
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവൻകോഴിയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ക്രിസ്മസിന് തിയേറ്ററിലെത്തും. ചേ്രന്ദട്ടൻ എവിടെയാ എന്ന ചിത്രത്തിനുശേഷം ദിലീപേട്ടനൊപ്പം വേഷമിടുന്ന മൈ സാന്റയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രമാണിത്.