അഹമ്മദാബാദ്- കോൺഗ്ര് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കാറിന് നേരെ ഗുജറാത്തിൽ ആക്രമണം. പ്രളയം മൂലം ദുരിതത്തിലായ ബനാസ്കന്ത ജില്ലയിൽ സന്ദർശനത്തിനെത്തിയതായിരുന്നു രാഹുലും സംഘവും. ബി.ജെ.പിയുടെ ഗുണ്ടകളാണ് അക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ആക്രമണത്തിൽ രാഹുലിന് പരിക്കേറ്റിട്ടില്ല. കാറിന്റെ ചില്ലുകൾ ആക്രമണത്തിൽ തകർന്നു. കാറിന്റെ പിറകിലെ സീറ്റിലിരുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ അംഗങ്ങൾക്ക് പരിക്കേറ്റു. രാഹുൽ ഗാന്ധി കാറിന്റെ മുന്നിലായിരുന്നു ഇരുന്നിരുന്നത്. ദനേരയിൽ രാഹുൽ ഗാന്ധിയുടെ കാർ ബി.ജെ.പിയുടെ ഗുണ്ടകൾ ആക്രമിച്ചതായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു. അതേസമയം സംഭവത്തിൽ പങ്കില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. സംഭവം ദൗർഭാഗ്യകരമാണെന്നും ഇതിന് പിന്നിൽ പാർട്ടി പ്രവർത്തകരാണെന്ന് കരുതുന്നില്ലെന്നും ബി.ജെ.പി എം.പി ജഗദംബികാപാൽ പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി ഹെലിപാഡിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നും കാറിന്റെ ചില്ലുകൾ തകർന്നതായും ജില്ലാ പോലീസ് സൂപ്രണ്ട് സ്ഥീരികരിച്ചു.