മുംബൈ- മാപ്പ് പറയാൻ എന്റെ പേര് രാഹുൽ സവർക്കറല്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ശിവസേന രംഗത്ത്. ഞങ്ങൾ ഗാന്ധിയെയും നെഹ്‌റുവിനെയും ബഹുമാനിക്കുന്നവരാണെന്നും വീർ സവർക്കറിനെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. വീർ സവർക്കർ മഹാരാഷ്ട്രയുടെ മാത്രം ദൈവമല്ലെന്നും രാജ്യത്തിന് മുഴുവനും ദൈവമാണെന്നും ഗാന്ധിജിയെയും നെഹ്‌റുവിനെയും പോലെ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തയാളാണ് സവർക്കറെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. സവർക്കറിനെ പോലെയുള്ള മുഴുവൻ ദൈവങ്ങളും ബഹുമാനിക്കപ്പെടണമെന്നും അതിൽ ഒരു തരത്തിലുള്ള ഒത്തുതീർപ്പിനുമില്ലെന്നും റാവത്ത് പറഞ്ഞു. ബി.ജെ.പിയുമായുള്ള മൂന്നരപതിറ്റാണ്ടിലെ സഖ്യം അവസാനിപ്പിച്ച് ഈയിടെയാണ് ശിവസേന കോൺഗ്രസുമായി ബന്ധം സ്ഥാപിച്ച് മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്തിയത്. സഖ്യത്തോട് രാഹുൽ ഗാന്ധിക്ക് നേരത്തെ തന്നെ താൽപര്യമുണ്ടായിരുന്നില്ല. ഇതിനിടെയാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന വന്നത്. പൗരത്വ ഭേദഗതി ബില്ലിനെ ലോക്‌സഭയിൽ പിന്തുണച്ച ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.