Sorry, you need to enable JavaScript to visit this website.

നിര്‍ഭയ ബലാത്സംഗ കേസ് പ്രതികളെ ഉടന്‍ തൂക്കിലേറ്റും? അഭ്യൂഹം ശക്തമാക്കി ജയിലില്‍ ഒരുക്കങ്ങള്‍

ന്യൂദല്‍ഹി- രാജ്യത്തെ പിടിച്ചുലയ്ക്കുകയും വന്‍ പ്രക്ഷോഭത്തിനു കാരണമാകുകയും ചെയ്ത 2012ലെ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാലു കുറ്റവാളികളെ വൈകാതെ തൂക്കിലേറ്റിയേക്കുമെന്ന് സൂചന. ഇവരെ പാര്‍പ്പിച്ചിരിക്കുന്ന തിഹാര്‍ ജയിലിലും അയല്‍ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ നടക്കുന്ന ഒരുക്കങ്ങളുമാണ് ഈ അഭ്യൂഹത്തിന് കാരണമായിരിക്കുന്നത്. തിഹാര്‍ ജയില്‍ അധികാരികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് യുപി ജയില്‍ വകുപ്പ് രണ്ട് ആരാച്ചാര്‍മാരെ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളെ തൂക്കിലേറ്റാന്‍ ഉപയൊഗിക്കുന്ന പ്രത്യേക കയറുകള്‍ തയാറാക്കാന്‍ ബിഹാറിലെ ഒരു ജയിലിനും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

നിര്‍ഭയ കേസിലെ നാലു പ്രതികളെ ദല്‍ഹിയിലെ തിഹാര്‍ ജയിലിലാണ് കഴിയുന്നത്. സമീപത്തെ മറ്റൊരു ജയിലിലായിരുന്ന പ്രതികളിലൊരാളായ പവന്‍ ഗുപ്തയെ ഈയിടെയാണ് തിഹാര്‍ ജയിലിലേക്കു മാറ്റിയത്. പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച ദയാഹര്‍ജി അംഗീകരിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ നീക്കങ്ങളെല്ലാമാണ് പ്രതികളെ ഉടന്‍ തൂക്കിലേറ്റുമെന്ന അഭ്യൂഹം ശക്തമാക്കിയിരിക്കുന്നത്. 

ഹൈദരാബാദില്‍ 26കാരിയായ മൃഗ ഡോക്ടറെ നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊന്ന് ചുട്ടെരിച്ച സംഭവം വന്‍ കോളിളക്കമുണ്ടാക്കിയതോടെയാണ് ഏഴു വര്‍ഷം പഴക്കമുള്ള ദല്‍ഹി ബലാത്സംഗ കേസും ചര്‍ച്ചയായത്. ഹൈദരാബാദില്‍ പ്രതിഷേധം കത്തുന്നതിനിടെ കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നതോടെ ബലാത്സംഗക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം വീണ്ടും ശക്തമായി. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയും ഉടന്‍ നടപ്പാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കെയാണ് ജയിലിലെ ഇപ്പോഴത്തെ അണിയറ നീക്കങ്ങള്‍.
 

Latest News