വാഷിംഗ്ടണ്‍- കൂട്ടസംഹാര ആയുധങ്ങള്‍ കടത്തുന്നുവെന്ന് ആരോപിച്ച് ഇറാന്റെ ഏറ്റവും വലിയ വിമാന കമ്പനിയായ മഹാന്‍ എയറിനും കപ്പല്‍ നെറ്റ്‌വര്‍ക്കിനുമെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി.
ഇരുരാജ്യങ്ങള്‍ തമ്മില്‍ തടവുകാരെ കൈമാറി ദിവസങ്ങള്‍ക്കകമാണ് പുതിയ ഉപരോധം പ്രഖ്യാപിച്ചത്. 2015 ലെ ഇറാന്‍ ആണവ കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറി ഉപരോധം പ്രഖ്യാപിച്ചതിനുശേഷമുള്ള അപൂര്‍വ സഹകരണ നടപടിയായിരുന്നു തടവുകാരുടെ കൈമാറ്റം.
ഷാങ്ഹായി ആസ്ഥാനമായുള്ള എസൈല്‍ ഷിപ്പിംഗ് കമ്പനിയെയാണ് അമേരിക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. ഇറാന്റെ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ് ഓര്‍ഗനൈസേഷനില്‍നിന്ന് നിയമവിരുദ്ധ വസ്തുക്കള്‍ കപ്പല്‍ വഴി കടത്തുന്നുവെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.