ന്യൂയോര്‍ക്ക്-ഐക്യരാഷ്ട്ര സഭയുടെ മികച്ച ജീവിതനിലവാര സൂചികയില്‍ ഒന്നാമത് നോര്‍വെ. ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നിവ മാനദണ്ഡമാക്കിയുള്ള മാനവ വികസന സൂചിക റാങ്കിംഗിലാണ് നോര്‍വെ ഒന്നാമതെത്തിയത്. സ്വിറ്റ്‌സര്‍ലാന്റ് രണ്ടാമതും അയര്‍ലന്റ് മൂന്നാമതും എത്തി. ബ്രിട്ടന് പതിനഞ്ചാം സ്ഥാനമാണ്. അമേരിക്കയ്ക്ക് പതിനാറും. പട്ടികയിലെ ഇന്ത്യയുടെ സ്ഥാനമാണ് ഏറ്റവും പരിതാപകരം. നൂറ്റിഇരുപത്തിയൊമ്പതാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.
ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ ഹോങ്കോങിനാണ് 85 വയസ്. വാര്‍ഷിക വരുമാനത്തില്‍ ഒന്നാമത് ഖത്തര്‍ ആണ്. വിദ്യാഭ്യാസ കാര്യത്തില്‍ ജര്‍മനിയാണ് മുമ്പില്‍. ഓസ്‌ട്രേലിയയും തൊട്ടുപിന്നിലുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നിവയുടെയെല്ലാം കാര്യത്തില്‍ ഇന്ത്യയുടെ അവസ്ഥ ദയനീയമാണ്. അതുകൊണ്ടാണ് പട്ടികയില്‍ 129 എന്ന സ്ഥാനത്ത് എത്തിയത്. ചൈനയുടെ റാങ്ക് 85 ആണ്.
ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നിവയെല്ലാം ഒരുപോലെ പരിഗണിക്കുന്നതാണ് നോര്‍വെ. ആയുര്‍ദൈര്‍ഘ്യം ഇവിടെ 82 വയസാണ്. മികച്ച വിദ്യാഭ്യാസ നിലവാരവുമുണ്ട്. ഒരു വ്യക്തിയുടെ വാര്‍ഷിക വരുമാനം ശരാശരി 51,700 പൗണ്ട് ആണ്.
യുകെയില്‍ ആയുര്‍ദൈര്‍ഘ്യം 81 വയസാണ്. ശരാശരി വിദ്യാഭ്യാസ കാലയളവ് 17 വയസ് ആണ്. വ്യക്തിയുടെ വാര്‍ഷിക വരുമാനം 30,000 പൗണ്ട് ആണ്. തൊട്ടു പിന്നിലുള്ള യു എസില്‍ ഇത് യഥാക്രമം 79 വയസും 16 വയസും 42,600 പൗണ്ടും ആണ്. ആദ്യ പത്തു റാങ്കിലുള്ള ഏഴും യൂറോപ്യന്‍ രാജ്യങ്ങളാണ്. അഞ്ചാമതുള്ള ഹോങ്കോങ്ങും ഒമ്പതാമുള്ള സിംഗപ്പൂരും ആണ് ഏഷ്യന്‍ പ്രതിനിധികള്‍. പ്രവാസി മലയാളികള്‍ അധിവസിക്കുന്ന രാജ്യങ്ങളൊക്കെ മികച്ച ജീവിതനിലവാരം പുലര്‍ത്തുന്നവയാണ്.