താനെ, മഹാരാഷ്ട്ര- ഇരുപത്തിരണ്ടുകാരിയായ മകളെ കൊന്ന് സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച പിതാവ് അറസ്റ്റില്‍. താനെ ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മകള്‍ മുസ്‌ലിമായ സഹപ്രവര്‍ത്തകനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. 47കാരനായ അരവിന്ദ് തിവാരിയാണ് മകളായ പ്രിന്‍സിയെ വെട്ടിക്കൊന്ന് സ്യൂട്ട് കേസിലാക്കി ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചത്. ബിരുദധാരിയായ പെണ്‍കുട്ടി ആറുമാസം മുമ്പ് ഭണ്ഡൂപില്‍ ജോലി ചെയ്യുകയായിരുന്നു. ഇവിടെ വെച്ച് മുസ്‌ലിം സമുദായത്തിലെ യുവാവുമായി പ്രിന്‍സി പ്രണയത്തിലായി. എന്നാല്‍ വീട്ടുകാര്‍ ഇത് അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് പിതാവ് ഇത്തരത്തിലൊരു ക്രൂര കൃത്യത്തിന് മുതിര്‍ന്നത്. അതേസമയം കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിന്റെ മുകള്‍ ഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ല.
മലാഡിലെ ഒരു ട്രാവല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തിവാരി മകളുടെ പ്രണയത്തെ കുറിച്ച് അറിഞ്ഞതോടെ വീട്ടില്‍ എന്നും വഴക്കായിരുന്നു. മറ്റൊരു സമുദായത്തിലുള്ളയാളുമായി മകളുടെ ബന്ധത്തെ താന്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. അവള്‍ ആ ബന്ധവുമായി മുന്നോട്ട് പോകുകയും വിവാഹത്തിനൊരുങ്ങുകയാണെന്നും മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നും തിവാരി സമ്മതിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ തിവാരി മകളെ എങ്ങനെയാണ് കൊന്നതെന്ന് ഇപ്പോഴും അറിയില്ലെന്ന് പൊലീസ് പറയുന്നു. ശരീരം വെട്ടി നുറുക്കി സ്യൂട്ട് കേസില്‍ നിറച്ചിട്ടുണ്ട്. കണ്ടെത്തിയ സ്യൂട്ട് കേസില്‍ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമേയുള്ളു. ബാക്കി ഭാഗങ്ങള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് താനെ സിറ്റി പോലീസിന്റെ ക്രൈംബ്രാഞ്ച് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ നിതിന്‍ താക്കറെ പറഞ്ഞു. പ്രതി തന്റെ വസതിക്ക് സമീപത്ത് നിന്നും ഓട്ടോ പിടിച്ച് ടിത്വാല റെയില്‍വേ സ്‌റ്റേഷനില്‍ പോയി. അവിടെ നിന്ന് കല്യാണ്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ട്രെയിന്‍ കേറി. അവിടെ നിന്നും ഭീവണ്ടിയിലേക്ക് പോകാന്‍ ഓട്ടോ പിടിച്ചു. ഇവിടെ മൃതദേഹം പുറന്തള്ളാന്‍ ആയിരുന്നു തിവാരി പദ്ധതിയിട്ടത്. എന്നാല്‍ ബാഗില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതോടെ ഓട്ടോ ഡ്രൈവര്‍ എന്താണെന്ന് ചോദിച്ചു. ഇതോടെ ബാഗ് ഉപേക്ഷിച്ച് തിവാരി ഓടി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ മറ്റ് ഓട്ടോ ഡ്രൈവര്‍മാരെ വിവരം അറിയിക്കുകയും സ്ഥലത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം അടങ്ങിയ ബാഗ് തുറക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.