ന്യൂദൽഹി- ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ് പൗരത്വ ഭേദഗതി ബിൽ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്നത് ആരായാലും അവർ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണെന്നും രാഹുൽ പ്രതികരിച്ചു. മഹാരാഷ്ട്രയിലെ കോൺഗ്രസ് സഖ്യകക്ഷിയായ ശിവസേന പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ വിമർശനം.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ശിവസേന അവരുടെ മുഖപത്രമായ സാമ്‌നയിൽ എഴുതിയതിന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ലോക്‌സഭയിൽ ബില്ലിനെ പിന്തുണച്ച് ശിവസേന വോട്ട് ചെയ്തത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തെത്തി. അങ്ങേയറ്റം ഇടുങ്ങിയ ചിന്താഗതിയിലൂടെ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള ബില്ലാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ ലോക്‌സഭയിൽ സർക്കാർ പാസ്സാക്കിയെടുത്തതെന്ന് പ്രിയങ്ക പറഞ്ഞു. നമ്മുടെ പൂർവ്വികർ നമ്മുടെ സ്വാതന്ത്ര്യത്തിനായി അവരുടെ ജീവരക്തം നൽകി. ആ സ്വാതന്ത്ര്യത്തിലൂടെ സമത്വത്തിനുള്ള അവകാശവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവുമായിരുന്നു അവർ നമുക്ക് നൽകിയത്. നമ്മുടെ ഭരണഘടനയും നമ്മുടെ പൗരത്വവും ശക്തവും ഏകീകൃതവുമായ ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ സ്വപ്‌നങ്ങളും എല്ലാവരുടേതുമാണ്. നമ്മുടെ ഭരണഘടനയെ ആസൂത്രിതമായി നശിപ്പിക്കുന്നതിനും നമ്മുടെ രാജ്യം പോരാട്ടങ്ങളിലൂടെ ആർജ്ജിച്ചെടുത്ത അടിസ്ഥാനപരമായ ആശയം ഇല്ലാതാക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്റെ അജണ്ടയ്‌ക്കെതിരെ പോരാടണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.