ന്യൂദല്‍ഹി- ഭരണകക്ഷിയായ എന്‍.ഡി.എ വിട്ട ശിവസേന ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍.സി.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച ശിവസേനയുടെ 18 എം.പിമാരാണ് കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്.
പൗരത്വം ലഭിക്കുന്ന അഭയാര്‍ഥികള്‍ക്ക് 25 വര്‍ഷത്തേക്ക് വോട്ടവകാശം നല്‍കരുതെന്നും പൗരത്വം ലഭിക്കുന്നവരെ ഏതൊക്കെ സംസ്ഥാനങ്ങളില്‍ താമസിപ്പിക്കുമെന്ന് വ്യക്തമാക്കണമെന്നും ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ ശിവസേന ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച അര്‍ധരാത്രി 80 നെതിരെ 311 വോട്ടിനാണ് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. അയല്‍ രാജ്യങ്ങളില്‍നിന്ന് കുടിയേറിയ മുസ്ലിംകളല്ലാത്തവര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് വിവാദ ബില്‍.