Sorry, you need to enable JavaScript to visit this website.

കുടുംബത്തിന് വീടും സുരക്ഷയും; സര്‍ക്കാര്‍ ഉറപ്പില്‍ വഴങ്ങി ഉന്നാവ് യുവതിയുടെ മൃതദേഹം സംസ്‌ക്കരിച്ചു

ലഖ്‌നൗ- പ്രതികള്‍ തീയിട്ടു കൊന്ന ഉന്നാവില്‍ പീഡനക്കേസ് ഇരയായ യുവതിയുടെ മൃതദേഹം അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്‌ക്കരിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് വരാതെ സംസ്‌ക്കരിക്കില്ലെന്ന വാശിയിലായിരുന്നു കുടുംബം. തുടര്‍ന്ന് അധികാരികളും പോലീസും സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ കുടുംബത്തിന് പുതിയൊരു വീടും സുരക്ഷയും ഉറപ്പാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ വഴങ്ങി കുടുംബം സംസ്‌ക്കരണം നടത്തുകയായിരുന്നു. അധികാരികളും കുടുംബവും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കുടുംബത്തിന് പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം വീടു വച്ചു നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. കുടുംബത്തിന് മതിയായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വീട്ടിലെത്തണമെന്നും പ്രതികളെ തുക്കിക്കൊല്ലണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം. 

പീഡനത്തിരയായ 23കാരി വെള്ളിയാഴ്ച രാത്രിയാണ് ദല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ മൃതദേഹം യുപിയിലെ വീട്ടിലെത്തിച്ചു. ഗ്രാമത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പ്രതികള്‍ക്ക് എത്രയും വേഗ വധശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മരിച്ച യുവതിയുടെ സഹോദരിയാണ് സംസ്‌ക്കരണ ചടങ്ങുകള്‍ തടഞ്ഞത്. നേരിട്ട് മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ അനുദിക്കാതെ ചടങ്ങുകള്‍ നടത്തില്ലെന്ന് സഹോദരനും പറഞ്ഞിരുന്നു. ഇരുവരേയും സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ അനുനയിപ്പിച്ചു. 

കേസ് വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിന് 25 ലക്ഷം രൂപയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest News