ലഖ്നൗ- ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ തീകൊളുത്തിക്കൊന്ന സംഭവത്തിൽ വികാരാധീനയായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഈ സമയം അതിജീവിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിന് കരുത്ത് നൽകണേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു. അവൾക്ക് നീതി നൽകാൻ കഴിയാഞ്ഞത് നമ്മുടെ എല്ലാവരുടെയും പരാജയമാണ്. സാമൂഹികമായി നാമെല്ലാം കുറ്റക്കാരുമാണ്. ഉത്തർപ്രദേശിലെ ക്രമസമാധാന നില എവിടെയാണ് എത്തി നിൽക്കുന്നത് എന്ന് നമുക്ക് കാണിച്ചു തരുന്നതാണ് ഇത്തരം സംഭവങ്ങളെല്ലാമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇതിന് പുറമെ, കുടുംബത്തെ ആശ്വസിപ്പിക്കാനായി പ്രിയങ്ക ഉന്നാവിലേക്ക് തിരിച്ചു.
എന്നെ രക്ഷിക്കണമെന്നും, എനിക്കും ഇനിയും ജീവിക്കണമെന്നും പെൺകുട്ടി ആശുപത്രിയിൽ ഡോക്ടർമാരോട് പറഞ്ഞുവെന്ന വാർത്ത പങ്കുവെച്ചാണ് പ്രിയങ്ക ട്വിറ്ററിൽ രംഗത്തെത്തിയത്. ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിച്ചുവരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. ഉന്നാവിൽ തന്നെ തൊട്ടുമുൻപ് ഒരു സംഭവം ഉണ്ടായിട്ടും ലൈംഗികാതിക്രമത്തിന് ഇരയായ ഈ പെൺകുട്ടിക്ക് എന്തുകൊണ്ടാണ് സുരക്ഷ ഒരുക്കാൻ കഴിയാതിരുന്നതെന്നും പ്രിയങ്ക ചോദിച്ചു. കേസിൽ എഫ്.ഐ.ആർ പോലും രജിസ്റ്റർ തയ്യാറാകാതിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെ എന്തുനടപടിയാണ് സർക്കാർ എടുത്തതെന്നും പ്രിയങ്ക ചോദിച്ചു.