ലഖ്‌നൗ- പീഡനത്തിനിരയാക്കപ്പെട്ട് നീതി തേടി നിയമ പോരാട്ടം നടത്തുന്നതിനിടെ പ്രതികള്‍ തീയിട്ടു കൊന്ന യുവതിയുടെ പിതാവ് പോലീസിനും അധികാരികള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. മകളെ പീഡിപ്പിച്ച പ്രതികളില്‍ ഒരാളായ ശിവ്‌റാം ത്രിവേദി ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയ ശേഷം നിരന്തരം അവളെയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും എന്നാല്‍ പോലീസ് ഈ പരാതി കേട്ടഭാവം നടിച്ചില്ലെന്നും പിതാവ് പറഞ്ഞു. ഒരു ബിജെപി നേതാവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളെ കാണാന്‍ വന്നിട്ടില്ലെന്നും അദ്ദേഹം ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഈ കേസിലെ പ്രതികളെ ഹൈദരാബാദ് കൊലക്കേസ് പ്രതികളെ പോലെ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ തൂക്കിക്കൊല്ലുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് കോടതിയിലേക്കു പോകുംവഴി യുവതിയെ പീഡനക്കേസ് പ്രതികള്‍ പെട്രോളൊഴിച്ച് തീയിട്ടിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രി ദല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇനി ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയില്ലെന്നും അവളെ മറവു ചെയ്യുമെന്നും സഹോദരന്‍ പ്രതികരിച്ചു. 90 ശതമാനം പൊള്ളലേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹിയിലേക്കു മാറ്റിയിരുന്നു. പ്രതികള്‍ച്ച് ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലെന്നും സഹോദരന്‍ പറഞ്ഞു.