ന്യൂദൽഹി- ഉത്തർപ്രദേശിലെ ഉന്നാവിൽ അക്രമികൾ തീക്കൊളുത്തിയ പെൺകുട്ടി മരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ദൽഹി സഫ്ദർജംഗ് ആശുപത്രിയിലാണ് കുട്ടി മരിച്ചത്. പെൺകുട്ടിയെ ചികിൽസിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു.
കൂട്ടബലാത്സംഗത്തിനിരയായി പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് പീഡനക്കേസിലെ രണ്ട് പ്രതികളടക്കം അഞ്ച് പേർ ചേർന്നു യുവതിയെ മണ്ണെണ്ണ ഒഴിച്ചു തീക്കൊളുത്തിയത്. വ്യാഴാഴ്ച രാവിലെ കോടതിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ പീഡനക്കേസ് പ്രതികൾക്കു നേരത്തെ ജാമ്യം അനുവദിച്ചതിൽ പ്രോസിക്യൂഷന്റെ വീഴ്ചയെക്കുറിച്ചും സംശയമുയർന്നിട്ടുണ്ട്. ആശുപത്രിയിലെത്തിയ മജിസ്ട്രേട്ടിനോട് അക്രമം നടത്തിയ അഞ്ചു പേരുടെയും പേരുകൾ യുവതി പറഞ്ഞുവെന്നാണ് വിവരം.
വിദഗ്ധ ചികിത്സയ്ക്കായി പെൺകുട്ടിയെ ഇന്നലെ ലഖ്നൗവിൽ നിന്ന് ദൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെത്തിച്ചിരുന്നു. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഒരു ഘട്ടത്തിലും അപകടനില തരണം ചെയ്തിരുന്നില്ല. കുട്ടിയുടെ ചികിൽസാ ചെലവ് യു.പി സർക്കാർ ഏറ്റെടുത്തിരുന്നു. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു.