ജയ്പൂര്‍- കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റവാളികൾ മാപ്പർഹിക്കുന്നില്ലെന്നും അവരെ ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്നും രാഷ്ട്രപതി റാംനാഥ് ഗോവിന്ദ്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ (പോക്‌സോ) നിയമ പ്രകാരം ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് ദയാഹര്‍ജി നല്‍കാനുള്ള അവകാശം അനുവദിക്കരുത്. പാര്‍ലമെന്റ് ദയാഹര്‍ജികള്‍ പുനപ്പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷ വളരെ ഗൗരവമേറിയ വിഷയമാണ്. ഇക്കാര്യത്തില്‍ കുറെ ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അതിലേറെ ചെയ്യാന്‍ ബാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന പൈശാചിക ആക്രമണങ്ങള്‍ രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണെന്നും രാജസ്ഥാനിലെ സിരോഹിയില്‍ നടന്ന വനിതാ ശാക്തീകരണ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്ന ശീലം ആണ്‍കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന് ചുട്ടെരിച്ച കേസില്‍ നാലു പ്രതികളെ പോലീസ് വെടിവച്ചു കൊന്നതിനു പിന്നാലെയാണ് ബാല പീഡകര്‍ക്കെതിരെ രാഷ്ട്രപതി കടുത്ത നിലപാട് അറിയിച്ചത്.