ലോക്‌സഭയിലും നിയമസഭയിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം നിര്‍ത്തലാക്കി

ന്യൂദല്‍ഹി - ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. അതേസമയം പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള സംവരണം 2020 ജനുവരി 25ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. സംവരണം നീട്ടുന്നതു സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, സാമൂഹ്യനീതി മന്ത്രി തവര്‍ ചന്ദ് ഗെഹലോട്ട് എന്നിവരടങ്ങിയ സമിതിക്ക് പ്രധാനമന്ത്രി രൂപം നല്‍കിയിരുന്നു.

 

ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി വിലയിരുത്തിയ ഈ സാഹചര്യത്തില്‍ സംവരണം തുടരേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു. ഈ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന് സംവരണം വേണമെന്ന അവസ്ഥ സംജാതമായാല്‍, വീണ്ടും പരിഗണിക്കാവുന്നതാണെന്നും സര്‍ക്കാര്‍ സൂചിപ്പിച്ചു.
543 അംഗ ലോക്‌സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ നിന്നും രണ്ടില്‍ കുറയാത്ത അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിര്‍ദേശം ചെയ്യാമെന്നാണ് നിയമം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 331 പ്രകാരം പാര്‍ലമെന്റില്‍ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് വേണ്ടത്ര പ്രാതിനിധ്യം ഇല്ലെന്ന് ബോധ്യപ്പെട്ടാല്‍ രാഷ്ട്രപതിക്ക് രണ്ട് അംഗങ്ങളെ ലോക്‌സഭയിലേക്ക് ശുപാര്‍ശ ചെയ്യാം. ഒന്നാം മോഡി സര്‍ക്കാര്‍ രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തിരുന്നു. എന്നാല്‍ രണ്ടാം മോഡി സര്‍ക്കാര്‍ ഒരാളെപ്പോലും നോമിനേറ്റ് ചെയ്തില്ല.
സംസ്ഥാന നിയമസഭകളിലേക്ക് ആംഗ്ലോ ഇന്ത്യന്‍ സമുദായാംഗങ്ങളെ നോമിനേറ്റ് ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 334ഉം പിന്‍വലിച്ചിട്ടുണ്ട്. ഇതോടെ, ലോക്‌സഭയിലും നിയമസഭകളിലും ഇനി ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ ഉണ്ടാവില്ല. 543 സീറ്റുകളില്‍ പട്ടികജാതിക്ക് 85 സീറ്റുകളും പട്ടികവര്‍ഗത്തിന് 47 സീറ്റുകളുമാണ് സംവരണം ചെയ്തിരിക്കുന്നത്.

 

Latest News