Sorry, you need to enable JavaScript to visit this website.

ഡക്ഡക് ഗോ; ട്വിറ്റർ മേധാവിയെപ്പോലെ നിങ്ങൾക്കും പരീക്ഷിക്കാം 

ഗൂഗിൾ സെർച്ച് എൻജിനു പകരം താൻ മറ്റൊരു സെർച്ച് എൻജിൻ പരീക്ഷിച്ചുവരികയാണെന്ന് ട്വിറ്റർ മേധാവി ജാക് ഡോർസി. ലോകത്ത് 90 ശതമാനം ആളുകളും ഉപയോഗിക്കുന്ന സെർച്ച് എൻജിനായ ഗൂഗിൾ നേരിടുന്ന ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നതിനിടെയാണ് ജാക് ഡോർസിയുടെ വെളിപ്പെടുത്തൽ. 
 ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കു കടന്നു കയറുന്ന കമ്പനി എന്ന ആരോപണമാണ് ഗൂഗിൾ പ്രധാനമായും നേരിടുന്നത്. ഇതിനാൽ തന്നെയാണ് പലരും മറ്റു സെർച്ച് എൻജിനുകൾ പരീക്ഷിക്കുന്നത്.  


സെർച്ച് ചെയ്താൽ മികച്ച റിസൾട്ടുകൾ എത്തിക്കുമെങ്കിലും സമീപകാലത്ത് ഗൂഗിളിന്റെ പ്രവർത്തനരീതിയെ ആപ്പിൾ കമ്പനിയടക്കം ചോദ്യം ചെയ്തിരിക്കയാണ്. 
ഗൂഗിളിനെ പോലെ ഉപയോക്താക്കളുടെ സെർച്ചുകൾ സൂക്ഷിച്ചു വെക്കില്ലെന്നു പ്രഖ്യാപിച്ച ഡക്ഡക്‌ഗോ (DuckDuckGo.com) ആണ് താൻ ഉപയോഗിക്കുന്നതെന്ന് ട്വിറ്റർ മേധാവി പറയുന്നു. മിക്ക ബ്രൗസറുകളിലും ഗൂഗിൾ സെർച്ച് എൻജിനാണ് വരിക. പലരും ഇതു മാറ്റാൻ ശ്രമിക്കാറില്ല. 


ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളിലെയും ബ്രൗസറായ സഫാരിയിൽ ഡിഫോൾട്ട് സെർച്ച് എൻജിൻ സ്ഥാനത്തുനിന്ന് ഗൂഗിളിനെ മാറ്റാൻ കമ്പനിയുടെ മുൻ മേധാവി സ്റ്റീവ് ജോബ്‌സ് തീരുമാനമെടുത്തിരുന്നു. ഗൂഗിൾ അന്ന് ഒരുവർഷത്തേക്ക് ഡിഫോൾട്ട് സെർച്ച് എൻജിനാക്കാൻ 100 കോടി ഡോളറാണ് നൽകിയത്. വർഷാവർഷം അങ്ങനെ പണം നൽകിയാണ് ഗൂഗിൾ സഫാരിയിലെ ഡിഫോൾട്ട് സെർച്ച് എൻജിനായി നിലനിർത്തുന്നത്. ഇതിനായി 2019ൽ മാത്രം കമ്പനി 1200 കോടി ഡോളർ നൽകി. 
2013ലാണ് ആപ്പിൾ ആദ്യമായി സഫാരിയിലെ സെർച്ച് എൻജിനുകളുടെ കൂട്ടത്തിൽ ഡ്ക്ഡക്‌ഗോയ്ക്ക് ഇടം നൽകിയത്. ഐഫോണിന്റെയും ഐപാഡിന്റെയുമൊക്കെ സെറ്റിങ്‌സ് തുറന്ന് സഫാരിയിലെത്തിയാൽ അവിടെ ഡിഫോൾട്ട് സെർച്  എൻജിൻ മാറ്റാൻ സാധിക്കും. 
ആപ്പിളിനെ പോലെ തന്നെ ആളുകളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന കമ്പനിയാണ് മോസില. അവരുടെ ഫയർഫോക്‌സ് ബ്രൗസറിലും ഡിഫോൾട്ടായി വരുന്നത് ഗൂഗിളാണ്. മോസിലയും ഗൂഗിളും തമ്മിലുള്ള കരാർ നിലവിലുള്ളതിനാലാണിത്. 


ട്വിറ്റർ മേധാവിയെ ആകർഷിച്ച ഡക്ഡക്‌ഗോ 2008 ലാണ് നിലവിൽവന്നത്. തങ്ങളുടെ സവിശേഷതയായി കമ്പനി പറയുന്നത് ഉപയോക്താക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തങ്ങൾ സൂക്ഷിക്കുകയോ, ശേഖരിക്കുകയോ ചെയ്യില്ല എന്നാണ്. ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കി  അവർക്കായി പരസ്യങ്ങൾ നൽകാൻ ശ്രമിക്കില്ല. ഉപയോക്താക്കളുടെ ഐപി അഡ്രസ് മനസിലാക്കാൻ ശ്രമിക്കില്ല തുടങ്ങിയ വാഗ്ദാനങ്ങളാണ് ഡക്ഡക്‌ഗോ നൽകുന്നത്. 
ഇപ്പോൾ ഡക്ഡക്‌ഗോ ഒരു ദിവസം നടത്തുന്നത് ഏകദേശം മൂന്നു കോടി സെർച്ചുകളാണ്. അതേസമയം ഗൂഗിൾ ഒരു ദിവസം നടത്തുന്നത് 300 കോടിയിലേറെ സെർച്ചുകളാണ്.

Latest News