ന്യൂദല്‍ഹി- ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ കൂടുമ്പോഴെല്ലാം സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ ഒരു പ്രധാന ഇനമായിരുന്നു പാര്‍ലമെന്റ് കാന്റീനിലെ ചായയുടേയും കാപ്പിയുടേയും ബിരിയാണിയുടേയും വിലവിവരപ്പട്ടിക. സാധാരണക്കാര്‍ 10 രൂപ നല്കി ചായ കുടിക്കുമ്പോള്‍ എല്ലാ ആനുകൂല്യങ്ങളും വലിയ ശമ്പളവും ലഭിക്കുന്ന എംപിമാര്‍ക്ക് നാലു രൂപയ്ക്ക് ചായയും കാപ്പിയും രണ്ടു രൂപയ്ക്ക് ഇഡ്ലിയും സാമ്പാറും ലഭിക്കുന്നുവെന്നായിരുന്നു പരാതി. 80 ശതമാനം വരെ വിലകുറച്ചുള്ള പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണ വില്‍പ്പന ഒടുവില്‍ സര്‍ക്കാര്‍ തന്നെ നിര്‍ത്തി.
എംപിമാരുടെ സമ്മതത്തോടെയാണ് പാര്‍ലമെന്റ് കാന്റീന് സര്‍ക്കാര്‍ നല്കി വന്നിരുന്ന ഭക്ഷ്യ സബ്സിഡി നിര്‍ത്തലാക്കിയത്. ഇതു സംബന്ധിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല മുന്നോട്ടു വച്ച നിര്‍ദേശം അനുസരിച്ചാണ് തീരുമാനമെന്ന് ഇന്ത്യാ ടുഡെ റിപോര്‍ട്ട് ചെയ്യുന്നു.
ലോക്സഭയുടെ ബിസിനസ് അഡൈ്വസറി കമ്മിറ്റിയുടെ യോഗത്തില്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരും ഈ നിര്‍ദേശത്തെ അനുകൂലിച്ചു. ഇതുവഴി സര്‍ക്കാരിന് ഒരു വര്‍ഷം 17 കോടി രൂപ വരെ ലാഭിക്കാനാകുമെന്നാണ് കണക്ക്. ഇനി മുതല്‍ ഭക്ഷണത്തിന്റെ യഥാര്‍ത്ഥ വിലയ്ക്കായിരിക്കും കാന്റീനിലെ വില്‍പ്പന.