Sorry, you need to enable JavaScript to visit this website.

പ്രൊഫഷണലുകളുടെ സംഘടനയുമായി കോണ്‍ഗ്രസ്; ശശി തരൂര്‍ ദേശീയ അധ്യക്ഷന്‍

ന്യൂദല്‍ഹി- നികുതി ദായകരായ പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ഹൈ പ്രൊഫൈല്‍ സംഘടനയുമായി കോണ്‍ഗ്രസ്. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് എന്നു പേരിട്ടിരിക്കുന്ന സംഘടനയുടെ ദേശീയ ചെയര്‍മാന്‍ ശശി തരൂര്‍ എം.പിയാണ്. രാഷ്ട്രീയത്തില്‍ തല്‍പ്പരരായ നികുതി നല്‍കുന്ന പ്രൊഫഷണലുകളുടെ ആശയകൈമാറ്റത്തിനുള്ള ഒരു രാഷ്ട്രീയ കൂട്ടായ്മയാണിത്.

നികുതിദായകരായ ആര്‍ക്കും 1000 രൂപ നല്‍കി സംഘടനയുടെ www.professionalscongress.com വെബ്‌സൈറ്റ് വഴി അംഗത്വമെടുക്കാം. പാന്‍ കാര്‍ഡും നിര്‍ബന്ധമാണ്. തങ്ങള്‍ നല്‍കുന്ന നികുതി എങ്ങോട്ടാണു പോകുന്നതെന്ന് അറിയാനുള്ള ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. ഈ വിവരം ലഭിക്കുന്ന വഴികള്‍ വളരെ പരിമിതമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഇതു മാറ്റണമെന്ന് ചിന്തിച്ചു. അങ്ങനെയാണ് സംഘടനയുടെ പിറവിയെന്ന് തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കയ്യില്‍ ആശയങ്ങളില്ലെന്നാണ് പലരും ആരോപിക്കുന്നത്. എന്നാല്‍ ഈ സംഘടന തന്നെ പുതിയ ആശയങ്ങള്‍ക്ക് ജന്മം നല്‍കുന്ന വലിയൊരു ആശയമാണെന്നും അദ്ദേഹം പറഞ്ഞു. 

ഒരു തരത്തില്‍ ഇതൊരു രാഷ്ട്രീയ റോട്ടറി ക്ലബ് ആയിരിക്കുമെന്ന് തരൂര്‍ വിശേഷിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ മിലിന്ദ് ദേവ്‌റ, ഗിതാ റെഡ്ഡി എന്നിവരാണ് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ മറ്റു പ്രമുഖ മുഖങ്ങള്‍.  

Latest News