Sorry, you need to enable JavaScript to visit this website.

ഉടലാഴം തിയേറ്ററുകളിലേക്ക്: ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കാന്‍ വീണ്ടും മണി

കല്‍പറ്റ- മോഹന്‍ലാലിനെ നായകനാക്കി രഞ്ജന്‍  പ്രമോദ് സംവിധാനം ചെയ്ത ഫോട്ടോഗ്രാഫറിലൂടെ  മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ആദിവാസി കലാകാരന്‍  മണി ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കാന്‍ വീണ്ടും എത്തുന്നു.  ഉണ്ണികൃഷ്ണന്‍  ആവള സംവിധാനം ചെയ്ത ഉടലാഴം എന്ന സിനിമയിലെ നായകനായാണ് മണിയുടെ പുത്തന്‍ വരവ്. രമ്യ വത്സല നായിക വേഷം ചെയ്യുന്ന ഉടലാഴം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
അവസരങ്ങള്‍ ലഭിക്കാതെ ഉപജീവനത്തിനു കൂലിപ്പണിക്കു പോകേണ്ടിവന്ന മണി  കര്‍ണാടകയിലെ ഇഞ്ചിപ്പാടത്തുനിന്നാണ് ഉടലാഴത്തിന്റെ സെറ്റിലെത്തിയത്. ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കാനായി  ഓടുന്ന ഗുളികന്‍ എന്ന യുവാവിന്റെ കഥയാണ് ഉടലാഴം എന്ന സിനിമയിലൂടെ സംവിധായകന്‍ പറയുന്നത്.
72 ഫിലിം കമ്പനിയുടെ ബാനറില്‍ ആഷിക് അബു അവതരിപ്പിക്കുന്ന ചിത്രമാണ്  ഉടലാഴം.
നിലമ്പൂര്‍ സ്വദേശി ഡോ.കെ.ടി. മനോജ്, വൈത്തിരി സ്വദേശി ഡോ.എം.പി. രാജേഷ്‌കുമാര്‍, കൊച്ചി സ്വദേശി ഡോ.എം. സജിഷ് എന്നിവരാണ് നിര്‍മാതാക്കള്‍. ജോയ് മാത്യു, ഇന്ദ്രന്‍സ്, അനുമോള്‍,  സജിത, അബു വളയംകുളം, രാജീവന്‍ തുടങ്ങിയവര്‍ വേഷമിടുന്ന സിനിമയില്‍ നൂറോളം ആദിവാസികളും അഭിനയിക്കുന്നുണ്ട്.
മുംബൈ, തിരുവനന്തപുരം,  മാഡ്രിഡ്, ലണ്ടന്‍, മെല്‍ബണ്‍ ചലച്ചിത്ര മേളകളില്‍ ഇതിനകം പ്രദര്‍ശിപ്പിച്ച സിനിമ സംസ്ഥാനത്തു 50 തിയേറ്ററുകളിലും ബംഗളൂരുവിലും റിലീസ് ചെയ്യും. അടുത്തവാരം ഖത്തറിലും പ്രദര്‍ശനത്തിനെത്തും.
 

 

Latest News