Sorry, you need to enable JavaScript to visit this website.

ധനുഷിന്റെ വൈ ദിസ് കൊല വെറി യൂ ട്യൂബിൽ ഇതുവരെ കണ്ടത് 12.5 കോടി പേർ

വൈറൽ വീഡിയോകളുടെ ഇന്ത്യൻ ചരിത്രത്തിൽ ആദ്യം ഇടം നേടിയ വമ്പൻ ഹിറ്റുകളിലൊന്നാണ് തമിഴ് നടൻ ധനുഷ് പാടിയ 'വൈ ദിസ് കൊല വെറി ഡീ' എന്നു തുടങ്ങുന്ന തമാശ ഗാനം. ആറ് വർഷം മുമ്പ് അവതരിപ്പിക്കപ്പെട്ട ഈ വൈറൽ സോംഗ് ഇതുവരെ യു ട്യൂബിൽ 12.5 കോടി പേരാണ് കണ്ടത്. കാണുന്നവരുടെ എണ്ണം നാൾക്കു നാൾ കൂടിവരികയും ചെയ്യുന്നു. 'ഞങ്ങളുടെ സുപ്രധാന നേട്ടങ്ങളുടേയെല്ലാം തുടക്കം ആറു വർഷം മുമ്പ് ഈ വൈ ദിസ് കൊല വെറി ഡീയിലൂടെ ആയിരുന്നു,' ഗൂഗ്ൾ ഏഷ്യ പസഫിക് റീജനൽ ഡയറക്ടർ അജയ് വിദ്യാസാഗർ പറയുന്നു.

സുന്ദരിമാരെ പ്രണയിക്കാൻ നടക്കുന്ന പയ്യൻമാരുടെ സംഘർഷങ്ങളാണ് ഇംഗ്ലീഷും തമിഴും കലർത്തിയ ഗ്രാമറോ ഘടനയോ ഇല്ലാത്ത വരികളിലൂടെ ധനുഷ് സ്വന്തം ശബ്ദത്തിൽ പാടി കോടിക്കണക്കിനാളുകളെ കയ്യിലെടുത്തത്. യൂ ട്യൂബിൽ റിലീസായി വളരെ വേഗത്തിൽ തന്നെ ഇത് ഹിറ്റായി മാറുകയും ചെയ്തു. വൈറലായെന്നു മാത്രമല്ല ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി പേർ പല തരത്തിലുള്ള ഗാനങ്ങളുമായി വരികയും ചെയ്തു.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇന്ത്യയിൽ യുട്യൂബിന് വൻ വളർച്ച കൈവരിക്കാനായിട്ടുണ്ടെന്നും വിദ്യാസാഗർ പറഞ്ഞു. നേരത്തെ വലിയ നഗരങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ഉപയോഗം വിദൂര ഗ്രാമീണ മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ സിനിമകളും ട്രെയ്‌ലറുകളും യൂടൂബിൽ ഹോളിവുഡിനോട് ഇഞ്ചോടിഞ്ചാണ് പോരാടുന്നത്. തമിഴ് ഹിറ്റുകളായ കബാലിയുടെ ട്രെയ്‌ലർ 34 ദശലക്ഷം പേരും ബാഹുബലിയുടേത് 22 ദശലക്ഷം പേരും ഇതിനകം കണ്ടുകഴിഞ്ഞു. ഹോളിവൂഡ് സിനിമകൾക്ക് ലഭിക്കുന്ന ഹിറ്റുകളേക്കാൾ കൂടുതൽ ഇന്ത്യൻ സിനിമകൾക്ക് ലഭിക്കുന്നുണ്ട്.
 

Latest News