പാലക്കാട്- നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് സൂചന. അടുത്ത ഞായറാഴ്ച ചോദ്യം ചെയ്യുമെന്നാണ് ലഭ്യമായ വിവരം.
ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലക്കാട്ടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയത്.
മഞ്ജു വാര്യരില്‍നിന്ന് നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശ്രീകുമാര്‍ മേനോനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നുണ്ടെന്നുമാണ് മഞ്ജു നല്‍കിയ പരാതി. തുടര്‍ന്ന് ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.