ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ കൂടി അധികാരം നഷ്ടമായതോടെ, നിര്‍ണായക സംസ്ഥാനങ്ങള്‍ പലതിലും ബി.ജെ.പിക്ക് ശക്തിക്ഷയം. 2014 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചതിന് പിന്നാലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തിയിരുന്നു. തെരഞ്ഞെടുപ്പിലൂടെ മാത്രമല്ല, കൂറുമാറ്റത്തിലൂടെയും പാര്‍ട്ടികളെ പിളര്‍ത്തിയുമൊക്കെയായിരുന്നു ഈ നേട്ടം. ഇതിനാണ് ഇപ്പോള്‍ ക്ഷീണം തട്ടിയിരിക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, നിരവധി സംസ്ഥാനങ്ങളിലേറ്റ തിരിച്ചടിയില്‍നിന്ന് കരകയറുക എന്നതായിരുന്നു നവംബര്‍ 23 ന്റെ ഫട്‌നാവിസിന്റെ അധികാരാരോഹണത്തിലൂടെ ബി.ജെ.പി ലക്ഷ്യമിട്ടത്. എന്നാല്‍ നാണംകെട്ട തിരിച്ചടിയില്‍ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ് അവര്‍ക്ക്.
നാലു ദിവസത്തെ ഭരണം നഷ്ടപ്പെട്ട് പടിയിറങ്ങേണ്ടി വന്നതോടെ, പാര്‍ട്ടിയുടെ പാദമുദ്രകള്‍ പല സംസ്ഥാനങ്ങളിലും മായുകയാണ്.
മോഡി അധികാരത്തിലേറി മൂന്ന് വര്‍ഷങ്ങള്‍ക്കൊണ്ട് രാജ്യത്തെ 71 ശതമാനം ഭൂപ്രദേശങ്ങളും ബി.ജെ.പിയുടെയോ ബി.ജെ.പി സഖ്യത്തിന്റെയോ ഭരണത്തിന്‍ കീഴിലായി. 2017 ഡിസംബര്‍ വരെ ഇത് തുടര്‍ന്നു.
പ്രതിപക്ഷത്തിന് മേല്‍ വ്യക്തമായ രാഷ്ട്രീയ മേല്‍ക്കൈ നേടിയിരുന്ന ബി.ജെ.പിക്ക് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കാലിടറുകയാണ്. 2019 നവംബര്‍ വരെയുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ കൂടുതല്‍ നഷ്ടം ബി.ജെ.പിക്കാണ്. 71 ശതമാനം എന്നതില്‍നിന്ന് 40 ശതമാനം പ്രദേശങ്ങള്‍ എന്ന നിലയിലേക്ക് ബി.ജെ.പി ഭരണം ചുരുങ്ങി.
2014 ല്‍ ബി.ജെ.പി കേന്ദ്രത്തിലെത്തുമ്പോള്‍ ഏഴ് സംസ്ഥാനങ്ങളിലായിരുന്നു ബി.ജെ.പി ഭരണം. 2018 ല്‍ അത് 21 സംസ്ഥാനങ്ങളായി കുതിച്ചുയര്‍ന്നു. മോഡി-അമിത് ഷാ കൂട്ടുകെട്ടാണ് പാര്‍ട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനത്തിന് കാരണമായത്.
2014 ല്‍ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗോവ, അരുണാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു നേരിട്ടോ അല്ലാതെയോ ബി.ജെ.പി ഭരിച്ചിരുന്നത്. എന്നാല്‍ 2018 ആയപ്പോള്‍ ഹിന്ദി ഹൃദയഭൂമി മുഴുവന്‍ ബി.ജെ.പിയുടെ അധീനതയിലായി.
തമിഴ്‌നാട്, കേരളം, കര്‍ണാടക, മിസോറം, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാള്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ബി.ജെ.പിയുടെ കുതിപ്പിനെ പിടിച്ചുനിര്‍ത്തിയത്. അതില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്നത്. 2014 ല്‍ 13 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണമുണ്ടായിരുന്ന സാഹചര്യത്തില്‍ നിന്നാണ് ഈ തിരിച്ചടി. 2015 ആയപ്പോഴേക്കും 13 സംസ്ഥാനങ്ങളില ഭരണം പിടിച്ചു. 2016 ല്‍ ബി.ജെ.പിക്ക് ഭരണമുള്ള സംസ്ഥാനങ്ങള്‍ 19 ആയി ഉയര്‍ന്നു. 2018 ല്‍ അത് 21 സംസ്ഥാനങ്ങള്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. പല സര്‍ക്കാരുകളെയും വിജയകരമായി ബി.ജെ.പി അട്ടിമറിച്ചു.
ഇതിനിടെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. എന്‍.ഡി.എ സഖ്യത്തില്‍നിന്ന് ടിഡിപി വിട്ടിറങ്ങിയതോടെ ആന്ധ്രാപ്രദേശിലെ ഭരണ പങ്കാളിത്തവും ബി.ജെ.പിക്ക് നഷ്ടമായി. പിന്നാലെ ജമ്മു കശ്മീരിലെ പി.ഡി.പിയുമായുള്ള കൂട്ടുകെട്ട് തകരുകയും സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന്‍ കീഴില്‍ ആകുകയും ചെയ്തു.
ബി.ജെ.പി അധികാരത്തില്‍നിന്ന് പുറത്തുപോയ സംസ്ഥാനങ്ങളില്‍ മിക്കയിടത്തും കോണ്‍ഗ്രസ് ഭരണത്തിലെത്തി. 2019ല്‍ മോഡി സര്‍ക്കാരിന്റെ തിരിച്ചുവരവ് ചരിത്രപരമായിരുന്നു. എന്നാല്‍ മോഡിയുടെ രണ്ടാം വരവിനും ബി.ജെ.പിക്ക് നേരിടുന്ന തിരിച്ചടിയുടെ ആഘാതം കുറക്കാനാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഏറ്റവുമൊടുവില്‍ മഹാരാഷ്ട്രയും അവര്‍ക്ക് നഷ്ടമായി. നിലവില്‍ 17 സംസ്ഥാനങ്ങളിലാണ് ബി.ജെ.പിക്ക് നേരിട്ടോ അല്ലാതെയോ ഭരണമുള്ളത്. അഞ്ചിടത്ത് കോണ്‍ഗ്രസും വലിയ സംസ്ഥാനങ്ങളില്‍ മിക്കയിടത്തും ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടതാണ് 71 ശതമാനം ഭൂപ്രദേശങ്ങളില്‍നിന്ന് 41 ശതമാനം എന്ന നിലയിലേക്ക് ചുരുങ്ങാന്‍ കാരണം.