ബെനീറ്റാ ഡൊമിനിക്കിനെ ഓർമ്മയില്ലേ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബൈജുവിലെ നായികയായി മലയാളികൾക്ക് മുന്നിലെത്തിയ അനു ഇമ്മാനുവേൽ ഇന്ന് തമിഴകത്തിന്റെയും തെലുങ്കരുടെയും മനസ്സിൽ കുടിയേറിക്കഴിഞ്ഞു. നിവിൻ പോളിയുടെ നായികയായ ബെനീറ്റായായി മികച്ച പ്രകടനം കാഴ്ചവെച്ച അനുവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
മലയാളിയെങ്കിലും അമേരിക്കയിലെ ചിക്കാഗോയിൽ ഇല്ലിനോയിസിൽ ജനിച്ചുവളർന്ന അനുവിന്റെ സ്‌കൂൾ വിദ്യാഭ്യാസം കേരളത്തിലായിരുന്നു. സിനിമാ നിർമ്മാതാവായിരുന്ന തങ്കച്ചൻ ഇമ്മാനുവേലിന്റെയും നിമ്മി ഇമ്മാനുവേലിന്റെയും മകളായ അനു ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത് ജയറാം നായകനായി അഭിനയിച്ച സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ബാലതാരമായി. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേയ്ക്കു മടങ്ങിയ അനുവിന് സിനിമയാണ് തന്റെ ലാവണം എന്ന് തിരിച്ചറിയാൻ ഏറെക്കാലം വേണ്ടിവന്നില്ല. പഠനശേഷം കേരളത്തിലേയ്ക്കു മടങ്ങിയപ്പോഴാണ് ആക്ഷൻ ഹീറോ ബിജുവിലെ നായികാ പദവിയെത്തിയത്. കർക്കശക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ കാമുകിയായും ഭാര്യയായുമെല്ലാം തിളങ്ങിയ അനുവിനെ തേടിയെത്തിയതെല്ലാം അന്യഭാഷാ ചിത്രങ്ങളായിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് മലയാളത്തിൽ ഈ അഭിനേത്രിയെ കണ്ടിട്ടില്ല.
തുപ്പരിവാലൻ എന്ന ചിത്രത്തിൽ മല്ലികയായി ശിവകാർത്തികേയന്റെ നായികയായി തമിഴിലെത്തിയ അനു തുടർന്ന് നമ്മ വീട്ടുപിള്ളയിലെ മാങ്കനിയായി. മഞ്ഞ് എന്ന ചിത്രത്തിൽ കിരൺമയിയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു തെലുങ്കിലെത്തിയത്. നാനിയുടെ നായികയായി വേഷമിട്ട ഈ ചിത്രം ബോക്‌സോഫീസ് ഹിറ്റായതോടെ നിരവധി അവസരങ്ങളാണ് അനുവിനെ കാത്തിരുന്നത്. കിട്ടു ഉന്നഡാ ജാഗ്രതയിലെ ജാനകിയും ഓക്‌സിജനിലെ ഡോ. ഗീതയും അഗ്ന്യതവാസിയിലെ സൂര്യകാന്തവും നാ പേരു സൂര്യയിലെ വർഷയും ഷൈലജ റെഡ്ഡി അല്ലുഡുവിലെ അനു റെഡ്ഡിയുമെല്ലാം അനുവിന് തെലുങ്കരുടെ മനസ്സിൽ ഇടം നേടിക്കൊടുത്ത കഥാപാത്രങ്ങളാണ്. ചുരുങ്ങിയ ചിത്രങ്ങളിലേ വേഷമിട്ടിട്ടുള്ളുവെങ്കിലും തമിഴകം മൈലാഞ്ചിപ്പൊണ്ണ് എന്നാണ് ഈ അഭിനേത്രിയെ വിശേഷിപ്പിക്കുന്നത്.
വളർന്നത് അമേരിക്കയിലായതുകൊണ്ട് മലയാളം ശരിക്കും വഴങ്ങുമായിരുന്നില്ല. എങ്കിലും കുട്ടിക്കാലംതൊട്ടേ സിനിമയോട് താൽപര്യമുണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ചയും സിനിമ കാണാൻ പോകും. മലയാളവും തമിഴുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. അച്ഛൻ നിർമ്മാതാവാണെങ്കിലും സിനിമയിൽ തന്റേതായ ഒരു ഇടമുണ്ടാക്കണം എന്നായിരുന്നു ആഗ്രഹം. തുടക്കം മോഡലിംഗിലൂടെയായിരുന്നു. കോളേജ് പഠനകാലത്താണ് മോഡലിംഗ് തുടങ്ങിയത്. മോഡലിംഗിലൂടെ സിനിമയിലെത്താം എന്നൊന്നും അറിയുമായിരുന്നില്ല. എങ്കിലും എന്നെങ്കിലും ഒരു അഭിനേത്രിയാകണം എന്ന് സ്വപ്നം കണ്ടുനടന്നു. ഭാഷാ വ്യത്യാസമില്ലാതെ സിനിമ ചെയ്യാനുള്ള പ്രേരണയും ഈ സ്വപ്നത്തിന്റെ ബലത്തിലാണ്.
സൈക്കോളജിയിൽ ബിരുദ പഠനത്തിനിടയിലായിരുന്നു സ്വപ്നസഞ്ചാരിയിലേയ്ക്കുള്ള അവസരം ഒരുങ്ങിയത്. കമൽ സാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജയറാമേട്ടനും സംവൃത ചേച്ചിയുടെയും മകളായ ഒമ്പതാം ക്ലാസുകാരിയുടെ വേഷം. അഭിനയത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. എങ്കിലും ജയറാമേട്ടന്റെയും സംവൃത ചേച്ചിയുടെയും കമൽസാറിന്റെയുമെല്ലാം സഹായത്തോടെ ചിത്രം ഒരുവിധം പൂർത്തിയാക്കിയെങ്കിലും തുടർന്നഭിനയിച്ചില്ല. പഠനത്തിന് പ്രാധാന്യം നൽകാനായിരുന്നു മാതാപിതാക്കളുടെ ഉപദേശം. അമേരിക്കയിലേയ്ക്കുതന്നെ മടങ്ങി പഠനം പൂർത്തിയാക്കിയ ശേഷമായിരുന്നു തിരിച്ചെത്തിയത്.
ബിരുദ പഠനം കഴിഞ്ഞ് നാട്ടിലെത്തിയതോടെ വീണ്ടും ഓഫറുകൾ ലഭിച്ചുതുടങ്ങി. ആക്ഷൻ ഹീറോയിൽ വേഷമിട്ടതോടെയാണ് അന്യഭാഷയിൽനിന്നും ഓഫറുകൾ ലഭിച്ചുതുടങ്ങിയത്. തെലുങ്കിലായിരുന്നു ഏറെയും അഭിനയിച്ചത്. തമിഴിലും നല്ലൊരു ചിത്രത്തിന്റെ ഭാഗമാകണം എന്നാഗ്രഹിച്ചിരിക്കുമ്പോഴാണ് നമ്മവീട്ടുപിള്ളയെത്തുന്നത്. പാണ്ഡ്യരാജ്, ശിവകാർത്തികേയൻ ടീമിന്റെ ഭാഗമാകാൻ അവസരം ലഭിച്ചതുതന്നെ ഭാഗ്യമായി. ഒരു തുടക്കക്കാരിക്ക് ലഭിക്കാവുന്ന സുവർണ്ണാവസരമായിരുന്നു അത്. ശിവകാർത്തികേയനും ഐശ്വര്യ രാജേഷുമെല്ലാം നല്ല സഹകരണമായിരുന്നു നൽകിയത്.
ഷൈലജ റെഡ്ഡി അല്ലുഡു എന്ന തെലുങ്കു ചിത്രത്തിൽ നാഗചൈതന്യക്കും രമ്യാകൃഷ്ണനുമൊപ്പമാണ് വേഷമിട്ടത്. നാഗചൈതന്യ വളരെ എനർജറ്റിക്കായ നടനാണെങ്കിലും എപ്പോഴും കൂളായിരുന്നു. സീനിയർ നടിയായ രമ്യചേച്ചിയിൽനിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. നല്ല സഹകരണമായിരുന്നു അവരിൽനിന്നും ലഭിച്ചത്. ഷൈലജ റെഡ്ഡി അല്ലുഡുവിൽ കോമഡിക്കായിരുന്നു പ്രാധാന്യം നൽകിയത്.
ഗോപിചന്ദിനൊപ്പം വേഷമിട്ട ഓക്‌സിജനും നല്ല അനുഭവമായിരുന്നു. ഡോക്ടറായ ഗീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. തെലുങ്കിലെ ആദ്യചിത്രമായിരുന്നു ഓക്‌സിജൻ. ഈ ചിത്രത്തിലെ അഭിനയമാണ് മഞ്ഞിലേയ്ക്കുള്ള അവസരമൊരുക്കിയത്.
തെലുങ്കുഭാഷ കടുകട്ടിയായിരുന്നു. എങ്കിലും ഇപ്പോൾ മെച്ചപ്പെട്ടുവരുന്നുണ്ട്. നായകനായ ഗോപിചന്ദിൽനിന്നും മാന്യമായ പെരുമാറ്റമാണുണ്ടായത്. തെലുങ്കിലെ വലിയ നടനാണെങ്കിലും സെറ്റിൽ അത്തരം ജാഡയൊന്നുമുണ്ടായിരുന്നില്ല. ആക്ഷൻ ചിത്രമായിരുന്നെങ്കിലും ഒരു സന്ദേശമുണ്ടായിരുന്നു.
ഗ്ലാമറസ് റോളുകൾ അവതരിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അനു കൂട്ടിച്ചേർക്കുന്നു. ഗ്ലാമർ അതിരുവിടുമ്പോഴാണ് വൾഗറാകുന്നത്. സുരക്ഷിതമെന്നു തോന്നുന്ന വേഷങ്ങൾ മാത്രമേ സ്വീകരിക്കാറുള്ളു.
ഗീതാഗോവിന്ദം എന്ന തെലുങ്കു ചിത്രത്തിൽ വേഷമിടാൻ കഴിഞ്ഞില്ലെന്ന ദുഃഖവും അനുവിനുണ്ട്. അല്ലു അർജുൻ നായകനായ നാ പേരു സൂര്യ എന്ന ചിത്രത്തിന്റെ തിരക്കായിരുന്നു കാരണം. എങ്കിലും ആ ചിത്രത്തിൽ അതിഥി വേഷത്തിലെത്താൻ കഴിഞ്ഞു എന്നത് ആശ്വാസമായി.
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം വേഷമിട്ടെങ്കിലും അഭിനയമെല്ലാം ഒരുപോലെയാണെന്ന് ഈ അഭിനേത്രി വ്യക്തമാക്കുന്നു. ഭാഷ മാറുന്നുവെന്നേയുള്ളു. അഭിനയം എല്ലായിടത്തും ഒരുപോലെയാണ്. കഥാപാത്രത്തയും നായകനേയും സംവിധായകേനയുമെല്ലാം നോക്കിയാണ് ഓരോ ചിത്രവും തിരഞ്ഞെടുക്കുന്നത്. എങ്കിലും കഥയ്ക്കാണ് മുൻതൂക്കം. പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന വേഷത്തിനാണ് പ്രാധാന്യം നൽകാറ്. തിരഞ്ഞെടുക്കുന്ന കഥാപാത്രം പ്രേക്ഷകർ സ്വീകരിക്കുമോ എന്നും ശ്രദ്ധിക്കാറുണ്ട്. മൂന്നു ഭാഷകളിൽ അഭിനയിച്ചെങ്കിലും ഏറെ ഇഷ്ടപ്പെട്ടത് തെലുങ്കു ചിത്രങ്ങളാണ്. ഏറെ വേഷങ്ങൾ ലഭിച്ചത് തെലുങ്കിൽ നിന്നായതുകൊണ്ടാകാം കാരണമെന്നും അനു ഇമ്മാനുവേൽ പറയുന്നു.