ന്യൂദല്‍ഹി- മോഡി സര്‍ക്കാര്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പൂട്ടിയത് ആയിരക്കണക്കിന് വെബ്‌സൈറ്റുകള്‍. കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ പൂട്ടിയ വെബ്‌സൈറ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ജ്യോതിമാനി എസിന്റെ ചോദ്യത്തിന് വിവര സാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രാസാദ് സഭയില്‍ അവതരിപ്പിച്ച കണക്കിലാണ് പൂട്ടിയ വെബ്‌സൈറ്റുകളുടെ കണക്കുള്ളത്. മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വെബ്‌സൈറ്റുകള്‍ പൂട്ടിയത് 2019ലാണ്. 442 ശതമാനം വര്‍ദ്ധനയാണ് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ ഈ വര്‍ഷം പൂട്ടിയ വെബ്‌സൈറ്റുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. 2016ല്‍ 633 സൈറ്റുകളാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. 2019ലെത്തുമ്പോള്‍ പൂട്ടിയ സൈറ്റുകളുടെ എണ്ണം 3,433 എണ്ണമായി വര്‍ദ്ധിച്ചു. ആക്ഷേപകരമായ കണ്ടന്റുകളുടെ പേരിലാണ് ഈ വെബ്‌സൈറ്റുകള്‍ പൂട്ടിയത് എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 2000ലെ ഐടി ആക്ട് പ്രകാരം രാജ്യത്തിന്റെ സുരക്ഷ, താല്‍പര്യങ്ങള്‍, പരമാധികാരം എന്നിങ്ങനെയുള്ള വിഷയങ്ങളെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള കണ്ടന്റുകള്‍ കമ്പ്യൂട്ടര്‍ റിസോഴ്‌സുകളില്‍ സൃഷ്ടിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണ്. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വെബ്‌സൈറ്റുകള്‍ പൂട്ടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഐടി ആക്റ്റിലെ 69 എ വകുപ്പില്‍ ഇത് വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.