ന്യൂദൽഹി- ദൽഹിയിലെ വായുമലിനീകരണം തടയാത്തതിൽ പൊട്ടിത്തെറിച്ച് സുപ്രീം കോടതി. ജനങ്ങളെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലണോയെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. ഗ്യാസ് ചേംബറുകളിൽ ജീവിക്കാൻ ജനങ്ങളെ നിർബന്ധിക്കുന്നത് എന്തിനാണ്. ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതല്ലേ നല്ലതെന്നും കോടതി ചോദിച്ചു. 15 ബാഗ് സ്ഫോടക വസ്തുക്കൾ കൊണ്ട് ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതാണ് ഭേദമെന്നും കോടതി അഭിപ്രായപ്പെട്ടു.
വായു മലിനീകരണ വിഷയത്തിൽ പഞ്ചാബ്, ഹരിയാന സർക്കാരുകൾക്കെതിരെ കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ദൽഹിയിലെ അവസ്ഥ നരകത്തിലേതിനേക്കാൾ മോശമാണ്. ഇതിന് നിങ്ങൾ വിലകൊടുക്കേണ്ടി വരും. ദൽഹി സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ആളുകളുടെ ജീവന് നിങ്ങൾ എന്ത് വിലയാണ് കൊടുക്കുന്നതെന്നും ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു.
ആളുകൾ വൈക്കോൽ കത്തിക്കുന്നത് തടയാനാകില്ലെന്ന സർക്കാരുകളുടെ വാദം കേട്ട് രാജ്യത്തെ ജനങ്ങൾ ചിരിക്കുകയാണ്. പഞ്ചാബ് സർക്കാരിൽ നിന്നും പിഴ ഈടാക്കുന്നതിനെതിരെ എന്താണ് പറയാനുള്ളത്. ദൽഹിയിൽ രണ്ട് അധികാരകേന്ദ്രങ്ങളുള്ളതാണ് പ്രശ്നമെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും അഭിപ്രായഭിന്നതകൾ മാറ്റിവെച്ച് വിഷയത്തിൽ പരിഹാരമാർഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യണം. 10 ദിവസത്തിനകം ആക്ഷൻ പ്ലാൻ തയ്യാറാക്കാനും കോടതി നിർദേശിച്ചു.