മുംബൈ- മഹാരാഷ്ട്രയില്‍ എം.എല്‍.എമാരെ കൂടെ നിര്‍ത്താനും ചാക്കിട്ടു പിടിക്കാനും പാര്‍ട്ടികളുടെ കഠിന യത്നം. അജിത് പവാറിനോടൊപ്പം മറുകണ്ടം ചാടിയ എന്‍സിപിയിലെ നാല് എംഎല്‍എമാര്‍ കൂടി ദല്‍ഹിയില്‍നിന്ന് മടങ്ങിയെത്തി. നര്‍ഹരി സിര്‍വാള്‍, വിനായക് ദറോഡ, വിനായക് ദൗലത്ത്, അനില്‍ പാട്ടീല്‍ എന്നിവരാണ് മുംബൈയില്‍ മടങ്ങി എത്തിയത്.
160 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് മഹാസഖ്യം അവകാശപ്പെടുന്നു. എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്കു കൈമാറും. അജിത് പവാറിനെ അനുനയിപ്പിച്ച് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെപ്പിക്കാനും എന്‍.സി.പി നേതാക്കള്‍ ശ്രമം തുടരുന്നുണ്ട്.
അതേസമയം മൂന്ന് പാര്‍ട്ടികളില്‍നിന്നും എം.എല്‍.എമാരെ ചാക്കിടാനുള്ള ശ്രമം ബി.ജെ.പി ഊര്‍ജിതമാക്കിയിട്ടുണ്ട്. ബി.ജെ.പിയിലേക്കു നേരത്തെ കൂറുമാറിവന്ന നേതാക്കളെയാണ് ഇതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.
എം.എല്‍.എമാരെ താമസിപ്പിച്ച ഹോട്ടലുകളില്‍ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ മുറികള്‍ ബുക്ക് ചെയ്തതോടെ എന്‍.സി.പിയും ശിവസേനയും എം.എല്‍.എമാരെ പുതിയ ഹോട്ടലുകളിലേക്ക് മാറ്റി.
വിശ്വാസ വോട്ടെടുപ്പ് ഉടനുണ്ടായില്ലെങ്കില്‍ എം.എല്‍.എമാരെ ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനത്തേക്ക് മാറ്റാനും ആലോചിക്കുന്നു. അതിനിടെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അജിത്ത് പവാറും കൂടിക്കാഴ്ച നടത്തി.