മുംബൈ- മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ആത്മവിശ്വാസം വർധിപ്പിച്ച് എൻ.സി.പി. അജിത് പവാറിനൊപ്പമുണ്ടെന്ന് കരുതുന്ന മുഴുവൻ എം.എൽ.എമാരെയും തിരിച്ചെത്തിക്കാൻ കഴിയുമെന്ന് എൻ.സി.പി വ്യക്തമാക്കി. അജിതിനൊപ്പം ഇപ്പോഴുണ്ടെന്ന് കരുതുന്ന അഞ്ചു പേരും ഇന്ന് വൈകിട്ട് തന്നെ തിരിച്ചെത്തുമെന്ന് എൻ.സി.പി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ശരദ് പവാർ വിളിച്ചുചേർത്ത യോഗത്തിൽ 49 എം.എൽ.എമാർ പങ്കെടുത്തിരുന്നു. ബാക്കിയുള്ള അഞ്ചിൽ രണ്ടു പേരും ശരദ് പവാറിനെ ഫോണിൽ വിളിച്ചു. ഒരാൾ വീഡിയോ കോളിലൂടെ താൻ എൻ.സി.പിക്കൊപ്പം നിലയുറപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ഇവരുൾപ്പെടെ അഞ്ചു പേരും ഇന്ന് തന്നെ എൻ.സി.പിയിൽ തിരിച്ചെത്തുമെന്നും പാർട്ടി വ്യക്തമാക്കി. ഫലത്തിൽ അജിത് പവാർ വിഭാഗത്തിനൊപ്പം അദ്ദേഹം മാത്രമേയുണ്ടാകൂവെന്നാണ് എൻ.സി.പി പറയുന്നത്. അദ്ദേഹത്തെയും അനുനയിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്.
ഭൂരിപക്ഷം സംബന്ധിച്ച് തെറ്റായ കണക്ക് നൽകിയാണ് ഗവർണറെ ബി.ജെ.പി പറ്റിച്ചതെന്നും സർക്കാരിന് ഭൂരിപക്ഷമില്ലെന്നും എൻ.സി.പി വ്യക്തമാക്കി. സുപ്രീം കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ഫഡ്‌നാവിസ് ഉടൻ രാജിവെക്കണമെന്നും എൻ.സി.പി ആവശ്യപ്പെട്ടു.