Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്ര അട്ടിമറി: സുപ്രീം കോടതി ഉത്തരവ് നാളെ; ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കണം

ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന,എന്‍.സി.പി കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നല്‍കിയ ഹരജിയില്‍ തീര്‍പ്പ് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. 

ജസ്റ്റിസുമാരായ എന്‍.വി.രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.
മഹാരാഷ്ട്ര സര്‍ക്കാരിനും കേന്ദ്രത്തിനും കോടതി നോട്ടീസയച്ചു. ഭൂരിപക്ഷമുണ്ടെന്ന് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്ത് നാളെ പത്തരക്ക് മുമ്പ് കോടതി മുമ്പാകെ ഹാജരാക്കാന്‍ സുപ്രീം കോടതി സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടു.

ജഡ്ജിമാരെ അവധി ദിവസമായ ഞായറാഴ്ച ബുദ്ധിമുട്ടിക്കേണ്ടിവന്നതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് ശിവസേനക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദം തുടങ്ങിയത്. ഗവര്‍ണര്‍ ധിറുതി പിടിച്ചാണ് ബി.ജെ.പിയെ ക്ഷണിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു. തെരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ സഖ്യം തകര്‍ന്ന പശ്ചാത്തലത്തില്‍ മൂന്ന് പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചുവരികയായിരുന്നുവെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇന്നുതന്നെ ഭൂരിപക്ഷം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നേരിട്ടുള്ള നിര്‍ദേശങ്ങള്‍ പ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചത്. കാബിനറ്റ് യോഗം ചോരാതെയാണ് രാഷ്ടപ്രതി ഭരണം പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബോംബെ ഹൈക്കോടതിയിലാണ് ഈ ഹരജി ഫയല്‍ ചെയ്യേണ്ടിയിരുന്നതെന്ന് ബി.ജെ.പിയുടെ ഏതാനും എം.എല്‍.എമാര്‍ക്കും  സ്വതന്ത്ര എം.എല്‍.എമാര്‍ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കന്‍ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യത്തിന് അടിസ്ഥാനപരമായി അവകാശമില്ലെന്നും അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബോധിപ്പിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ക്ഷണിക്കാനുള്ള ഗവര്‍ണറുടെ വിവേചനാധികാരത്തെ കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം വാദിച്ചു.
കുതിരക്കച്ചവടം തടയുകയാണ് പ്രധാനമെന്നും എന്‍.സി.പി നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയ അജിത് പവാറിന് എങ്ങനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു തുടരാനാകുമെന്ന് കോണ്‍ഗ്രസിനും എന്‍.സി.പിക്കും വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ചോദിച്ചു.
54 എം.എല്‍.എമാരുള്ള എന്‍.സി.പിയുടെ 41 എം.എല്‍.എമാര്‍ നേതൃസ്ഥാനത്തുനിന്ന് അജിത് പവാറിനെ നീക്കിയതായുള്ള കത്തില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News