മഹാരാഷ്ട്രയില്‍ അട്ടിമറി; ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി, എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയും

മുംബൈ- അര്‍ദ്ധരാത്രിയിലെ അപ്രതീക്ഷിത നീക്കങ്ങള്‍ക്കു ശേഷം മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. ശിവസേനയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയ എന്‍സിപിയാണ് ഓര്‍ക്കാപ്പുറത്ത് ബിജെപിക്ക് പിന്തുണ നല്‍കിയത്. എന്‍സിപി നേതാവ് ശരത് പവാറിന്റെ അടുത്ത ബന്ധുവും മുതിര്‍ന്ന നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാവിവെ എട്ടു മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. 

ദല്‍ഹിയിലേക്കുള്ള യാത്ര മാറ്റിവച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി വെള്ളിയാഴ്ച മുംബൈയില്‍ തന്നെ തങ്ങിയിരുന്നു. പുലര്‍ച്ചെ 5.47നാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചുള്ള ഉത്തരവ് ഇറങ്ങിയത്. രണ്ടു മണിക്കൂറിനകം ഫഡ്‌നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുകയും ചെയ്തു.

ശിവസേനാ-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച സജീവമായി നടക്കുന്നതിനിടെ എന്‍സിപി നേതാവ് ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഏതാനും ദിവസം മുമ്പ് കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ സംശയത്തിനിടയാക്കിയിരുന്നു. അന്ന് കര്‍ഷകരുടെ പ്രശ്‌നമാണ് ചര്‍ച്ച ചെയ്‌തെന്നാണ് പവാര്‍ പറഞ്ഞത്. എന്നാല്‍ ഈ ചര്‍ച്ച കഴിഞ്ഞയുടന്‍ ബിജെപി അധ്യക്ഷന്‍ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മോഡിയെ കണ്ടത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. 

നിയമസഭയില്‍ 105 സീറ്റുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. സഖ്യകക്ഷിയായിരുന്ന ശിവ സേനയ്ക്ക് 56 സീറ്റുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പദവി വേണമെന്ന് ശിവ സേന വാശിപിടിച്ചതോടെ സഖ്യം തകര്‍ന്നു, ശിവ സേന എന്‍ഡിഎ വിട്ടു. പിന്നീടാണ് 54 സീറ്റുള്ള എന്‍സിപിയേയും 44 സീറ്റുള്ള കോണ്‍ഗ്രസിനേയും കൂട്ടി പുതിയ സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. ഈ സഖ്യ പ്രഖ്യാപനം ഉടന്‍ നടക്കാനിരിക്കുകയായിരുന്നു. മൂന്ന് പാര്‍ട്ടികളും മുഖ്യമന്ത്രിയായ ശിവ സേനാ തലവന്‍ ഉദ്ധവ് താക്കറെയെ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ബിജെപി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ അട്ടിമറി നീക്കത്തിലൂടെ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കിയത്.
 

Latest News