ലോക്‌സഭാ വോട്ടിലെ വൈരുധ്യം; വിവിപാറ്റ് സ്ലിപ്പുകള്‍ പരിശോധിക്കാന്‍ ഹരജി

ന്യൂദല്‍ഹി- കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച എല്ലാ വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങളിലെയും കടലാസ് സ്ലിപ്പുകള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ടിന്റെ കണക്കില്‍ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി  ഹന്‍സ്‌രാജ് ജെയിനാണ് ഹരജി സമര്‍പ്പിച്ചത്. 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വ്യത്യാസമുണ്ടെന്ന് ഹരജിയില്‍ പറയുന്നു. 16,15,000 വിവിപാറ്റ് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് 3173.47 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഭൂരിഭാഗം മണ്ഡലങ്ങളിലും പോള്‍ ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വലിയ അന്തരമുണ്ടായത് താനടക്കമുള്ള ബഹുഭൂരിഭാഗം വോട്ടര്‍മാരിലും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന സംശയം ജനിപ്പിച്ചിട്ടുണ്ടെന്ന് ഹന്‍സ്‌രാജ് ജെയിന്‍ പറഞ്ഞു. ഭാവിയില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണുമെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹരജിയില്‍ പറയുന്നു.
542 മണ്ഡലങ്ങളില്‍ 347 സീറ്റുകളിലും വോട്ടുകള്‍ തമ്മില്‍ വലിയ രീതിയിലുള്ള പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം ഹരജി സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ താല്‍ക്കാലിക ലിസ്റ്റും അന്തിമ ലിസ്റ്റും തമ്മില്‍ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ഹരജി.
മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് (എ.ഡി.ആര്‍), കോമണ്‍ കോസ് എന്നീ എന്‍.ജി.ഒ സംഘടനകളാണ് ഹരജി സമര്‍പ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ് വഴി പ്രഖ്യാപിച്ച കണക്കുകളും കമ്മീഷന്‍ പുറത്തുവിട്ട താല്‍ക്കാലിക ലിസ്റ്റിലെ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ആറ് സീറ്റുകളില്‍ ഈ വ്യത്യാസം വിജയിച്ച സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണെന്നും ഹരജിയില്‍ പറയുന്നു.
17 ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായാണ് നടന്നത്. മെയ് 23 നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത്. മൈ വോട്ടര്‍ ടേണൗട്ട് ആപ്പിലൂടെ ഓരോ മണ്ഡലത്തിലെയും വോട്ടിങ് ശതമാനം തത്സമയം അറിയിക്കുന്ന സംവിധാനം ം ഏര്‍പ്പെടുത്തിയിരുന്നു. ആദ്യത്തെ ആറു ഘട്ടങ്ങളിലും ഇതു പ്രകാരം കൃത്യമായ വോട്ടര്‍മാരുടെ എണ്ണം കാണിച്ചിരുന്നുവെന്ന് ഹരജിയില്‍ പറയുന്നു. എന്നാല്‍ അവസാന ഘട്ടമായപ്പോള്‍ മുമ്പ് നല്‍കിയ എല്ലാ വിവരങ്ങളും ഒഴിവാക്കുകയും ശതമാനക്കണക്ക് മാത്രം കാണിക്കുകയും ചെയ്തുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആറ് സീറ്റുകളില്‍ ഈ വ്യത്യാസം വിജയിച്ച സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍, വിശാഖപട്ടണം, ജമ്മു കശ്മീരിലെ അനന്ത്‌നാഗ്, ജാര്‍ഖണ്ഡിലെ ഖുന്തി, ഒഡീഷയിലെ കൊരാപുത്, ഉത്തര്‍പ്രദേശിലെ മഷ്‌ലിഷഹര്‍ എന്നീ മണ്ഡലങ്ങളിലാണ്  അന്തരം. അതേസമയം, ഇത് ഏതെങ്കിലും ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ലെന്നും പഠനത്തില്‍ പറയുന്നു.

 

Latest News