ഇന്ദ്രന്റെ സിംഹാസനം തന്നാലും ബിജെപിയോട് ഇനി കൂട്ടിനില്ലെന്ന് ശിവ സേന

മുംബൈ- ഇന്ദ്ര ദേവന്റെ സിംഹാസനം വാഗ്ദാനം ചെയ്താലും ഇനി ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത് പ്രഖ്യാപിച്ചു. ദീര്‍ഘകാലം സഖ്യമായിരുന്ന ബിജെപിയുമായി ഭാവിയില്‍ കൈ കോര്‍ക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി മഹാരാഷ്ട്രയില്‍ രൂപീകരിക്കുന്ന സഖ്യ സര്‍ക്കാരില്‍ അഞ്ചു വര്‍ഷവും മുഖ്യമന്ത്രി പദവി ശിവ സേനയ്ക്കു തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഫറുകളുടെ സമയം അവസാനിച്ചുവെന്നാണ് മുഖ്യമന്ത്രി പദവി പങ്കിടാന്‍ ബിജെപി സമ്മതിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് റാവത്ത് മറുപടി നല്‍കിയത്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ശിവ സേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് അഗ്രഹിക്കുന്നത്. പുതിയ സഖ്യത്തിലെ മൂന്ന് കക്ഷികളും ഇത് അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രാ വികാസ് അഘാഡി എന്ന പുതിയ പേരില്‍ ശിവ സേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യം  ഉടന്‍ പ്രഖ്യാപിച്ചേക്കും. മുംബൈയില്‍ മൂന്ന് പാര്‍ട്ടികളുടേയും ഉന്നത നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകളിലാണ്.
 

Latest News