ഗര്‍ഭിണിയെ കടിച്ചുകീറി കൊന്ന പട്ടികളെ കണ്ടെത്താന്‍ ഡി.എന്‍.എ ടെസ്റ്റ്

ലില്ലെ- ഫ്രാന്‍സില്‍ വനത്തിലൂടെ നടക്കാനിറങ്ങിയ ഗര്‍ഭിണിയെ കടിച്ചുകൊന്ന പട്ടികളെ കണ്ടെത്താന്‍ 67 പട്ടികളില്‍ ഡി.എന്‍.എ പരിശോധന നടത്തി. പാരീസില്‍നിന്ന് 90 കി.മീ വടക്കുകിഴക്കായി റെറ്റ്‌സ് വനത്തില്‍ ശനിയാഴ്ചയാണ് 29 കാരി എലിസ പിലാര്‍സ്‌കിയുടെ മൃതദേഹം കണ്ടെത്തിയത്. സ്വന്തം നായയുമായാണ് ഇവര്‍ നടക്കാനിറങ്ങിയതെന്നും തലയടക്കം ശരീരത്തില്‍ നിരവധി സ്ഥലങ്ങളില്‍ പട്ടികളുടെ കടിയേറ്റാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  
പ്രദേശത്തെ ഹണ്ടിംഗ് ക്ലബില്‍നിന്നുള്ള 62 പട്ടികളിലും സ്ത്രീയുടേയും പങ്കാളിയുടേയും ഉടമസ്ഥതയിലുള്ള അഞ്ച് പട്ടികളിലുമാണ് ഡി.എന്‍.എ പരിശോധന നടത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഫ്രെഡറിക്ക് ട്രിഞ്ച് പറഞ്ഞു.
അന്വേഷണത്തിന്റെ തുടക്കത്തില്‍ ഫ്രാന്‍സില്‍ പതിവുള്ളതുപോലെ അലംഭാവവും അശ്രദ്ധയും മൂലമുണ്ടായ മരണമെന്ന നിലയില്‍ അജ്ഞാതര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരിക്കുന്നതിനുമുമ്പ് പട്ടികളില്‍നിന്ന് ഭീഷണിയുണ്ടെന്ന് എലിസ ജോലിസ്ഥലത്തുള്ള തന്റെ പങ്കാളി ക്രിസ്റ്റഫര്‍ക്ക് ഫോണ്‍ ചെയ്തിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഫേസ് ബുക്കില്‍ നല്‍കിയ സന്ദേശത്തില്‍ ഇവര്‍ ഒരു ജര്‍മന്‍ ഷെപ്പേഡിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും ആ നായയെ കണ്ടെത്താനായിട്ടില്ല.

 

 

Latest News