ലണ്ടന്‍-കുട്ടികളെ ലൈംഗിക അടിമയാക്കി പീഡിപ്പിച്ചുവന്ന ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം അഭിമുഖത്തിലൂടെ സമ്മതിച്ചതോടെ ആന്‍ഡ്രൂ രാജകുമാരന്റെ രാജപദവി തിരിച്ചെടുത്തു എലിസബത്ത് രാജ്ഞി. യോര്‍ക്ക് ഡ്യൂക്കിനെ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തിയാണ് പൊതുസേവനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ രാജ്ഞി ഉത്തരവിട്ടത്. ആന്‍ഡ്രൂവിന്റെ 249,000 പൗണ്ട് ശമ്പളവും നിര്‍ത്തി. ഭാവി കിരീടാവകാശിയായ ചാള്‍സുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു രാജ്ഞിയുടെ നടപടി. കാലാവധി തീരുന്നതിന് മുന്‍പ് വിരമിച്ച അവസ്ഥയായതിനാല്‍ ഇനി രാജകീയ പദവികളിലേക്കുള്ള തിരിച്ചുവരവ് ആന്‍ഡ്രൂവിനു അസാധ്യമാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് ലഭിക്കുന്ന ശമ്പളവും ഇല്ലാതാകും.
കുട്ടിപ്പീഡനകനായിരുന്ന ശതകോടീശ്വരുമായുള്ള ബന്ധവും ലൈംഗിക പീഡന വിവാദവും ആന്‍ഡ്രൂ രാജകുമാരനെ കുഴപ്പത്തിലാക്കുകയായിരുന്നു. ബിബിസി അഭിമുഖത്തിലെ തുറന്നു പറച്ചിലുകളാണ് നടപടി വേഗത്തിലാക്കിയത്. വിവാദങ്ങള്‍ രാജകുടുംബത്തിന് നാണക്കേടായി മാറിയതോടെയാണ് അടിയന്തരമായി രാജ്ഞി ആന്‍ഡ്രൂവിനെ രാജകീയ ഉത്തരവാദിത്വങ്ങളില്‍ നിന്നും നീക്കിയത്. അഭിമുഖം പുറത്തുവന്നതോടെ ആന്‍ഡ്രുവുമായി ബന്ധം പുലര്‍ത്തിയ ബിസിനസ്സുകളും, ചാരിറ്റികളും രാജകുമാരനെ കൈവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റവും വലിയ തിരിച്ചടി രാജകുമാരനെ തേടിയെത്തിയത്. ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ള വെയില്‍സ് രാജകുമാരന് ചാള്‍സുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് രാജ്ഞി ആന്‍ഡ്രൂവിനെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് സ്ഥാനമാനങ്ങള്‍ ഒഴിയാന്‍ ഉത്തരവിട്ടത്.
ലൈംഗിക കുറ്റങ്ങളുടെ പേരില്‍ വിചാരണക്ക് വിധേയനാവാനിരിക്കെ ഓഗസ്റ്റില്‍ ആത്മഹത്യ ചെയ്ത യുഎസ് ഫിനാന്‍സിയറായ ജെഫ്രിയുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആന്‍ഡ്രൂ രാജകുമാരന് നേരെ കടുത്ത ചോദ്യങ്ങളായിരുന്നു ഉയര്‍ന്ന് വന്നത്. ആന്‍ഡ്രൂവുമായി മൂന്ന് വട്ടം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താന്‍ നിര്ബന്ധിതയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി വെര്‍ജിനിയ ജിയുഫ്രെ എന്ന പെണ്‍കുട്ടി രംഗത്തെത്തിയത് ആന്‍ഡ്രൂവിന്റെ നില പരുങ്ങലിലാക്കിയിരുന്നു.
വിര്‍ജിനിയ റോബര്‍ട്സുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട വാദങ്ങളെ ആന്‍ഡ്രൂ രാജകുമാരന് ശക്തമായി തള്ളുകയായിരുന്നു. അവരെ കണ്ടതായി പോലും ഓര്‍മ്മിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. 2001 മാര്‍ച്ച് പത്തിന് ലണ്ടന്‍ ട്രാംപ് നൈറ്റ്ക്ലബില്‍ രാജകുമാരനെ കണ്ടെന്നും, അതിന് ശേഷം ലൈംഗികതയില്‍ ഏര്‍പ്പെട്ടെന്നുമാണ് റോബര്‍ട്സ് വെളിപ്പെടുത്തിയത്. എന്നാല്‍ മകള്‍ ബിയാട്രിസ് രാജകുമാരിയെ കൂട്ടി വോക്കിംഗിലെ പിസാ എക്സ്പ്രസില്‍ പോയ താന്‍ തുടര്‍ന്ന് മകള്‍ക്കൊപ്പം തന്നെയാണ് ആ ദിനം ചെലവഴിച്ചതെന്നാണ് ആന്‍ഡ്രൂവിന്റെ വാദം. ഡച്ചസ് ഒപ്പമില്ലാതിരുന്നതിനാല്‍ കുടുംബത്തെ താനാണ് ആ സമയം നോക്കിയത്. പിസ എക്സ്പ്രസില്‍ പോകുക എന്നത് വളരെ അസ്വാഭാവികമായ കാര്യമായതിനാലാണ് ഇത്രയും കാലത്തിന് ശേഷവും അത് ഓര്‍മ്മിച്ചിരിക്കുന്നത്.
നൈറ്റ്ക്ലബില്‍ തനിക്ക് വോഡ്ക ഒഴിച്ചുതരുമ്പോള്‍ ആന്‍ഡ്രൂ വല്ലാതെ വിയര്‍ത്തെന്നായിരുന്നു റോബര്‍ട്സിന്റെ മറ്റൊരു വിശദീകരണം. എന്നാല്‍ താന്‍ വിയര്‍ക്കാറില്ലെന്നാണ് രാജകുമാരന്റെ മറുപടി. ഒരു പ്രത്യേക മെഡിക്കല്‍ കണ്ടീഷന്‍ മൂലമാണിത്. ഫാള്‍ക്ലാന്‍ഡ് യുദ്ധത്തിന് ശേഷമാണ് ഈ അവസ്ഥ രൂപപ്പെട്ടത്. ആ സമയത്ത് വെടിയേറ്റതിന് ശേഷമുണ്ടായ അഡ്രിനാലിന്‍ ഓവര്‍ഡോസ് മൂലം വിയര്‍ക്കാറേയില്ല, രാജകുമാരന് വാദിച്ചു. 17 വയസ്സ് മാത്രമുണ്ടായിരുന്ന റോബര്‍ട്സിനൊപ്പം നില്ക്കുന്ന ചിത്രം വ്യാജമായി സൃഷ്ടിച്ചതാണെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. 17 വയസ്സുള്ളപ്പോള്‍ രാജകുമാരനുമായി മൂന്നു തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് റോബര്‍ട്സ് ആരോപിക്കുന്നത്. ജെഫ്രിയുമായി അടുത്ത ബന്ധം പുലര്‍ത്തിയതില്‍ ഇന്നലെ നടത്തിയ പ്രസ്താവനയില്‍ ആന്‍ഡ്രൂ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുണ്ട്. ജെഫ്രിയുടെ പീഡനത്തിന് ഇരകളായവരോട് അദ്ദേഹം സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു.