ന്യൂദല്‍ഹി- എം.പി 4 വീഡിയോ ഫയലുകള്‍ വഴി വൈറസുകളും വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍വെയറുകളും മൊബൈല്‍ ഫോണുകളിലെത്തുന്നത് ഒഴിവാക്കാന്‍ വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കണമെന്നും ഇതിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്നും കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ഇന്‍ നിര്‍ദേശം.
എം.പി4 വീഡിയോ ഫയലുകള്‍ വഴി വൈറസുകള്‍ കടത്തിവിട്ട് മൊബൈലില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്.
ഇസ്രായില്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വഴി വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിനു പിന്നാലെയാണ് വീഡിയോ ഫയലുകള്‍ വഴി മാല്‍വേയറുകളും വൈറസുകളും കടത്തിവിടുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്.
ഇസ്രായില്‍ കമ്പനിയായ എന്‍.എസ്.ഒ നിര്‍മിച്ച പെഗാസസ് എന്ന മാല്‍വെയര്‍ വാട്‌സ്ആപ്പ് കോളിങ് സംവിധാനത്തിലൂടെ കടത്തിവിട്ട് വിവിധ രാജ്യങ്ങളിലെ 1400 ലേറെ പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം ലോകത്താകെ വിവാദം സൃഷ്ടിച്ചിരുന്നു.
വീഡിയോ ഷെയറിങ് സംവിധാനത്തിലെ സാങ്കേതിക പിഴവ് മൂലമാണ് ഹാക്കര്‍മാര്‍ക്ക് മാല്‍വെയര്‍ കടത്തിവിടാന്‍ കഴിയുന്നതെന്ന് സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വാട്‌സ്ആപ്പിലെ ഓട്ടോ ഡൗണ്‍ലോഡ് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ വിദഗ്ധര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.