മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളിൽ ഒന്നാണ് ഫഹദും നസ്രിയയും. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ചിരുന്നു. വിവാഹ ശേഷം സിനിമാ അഭിനയത്തിൽനിന്ന് വിട്ടുനിന്ന നസ്രിയ വെള്ളിത്തിരയിൽ ഫഹദിനൊപ്പം തിരിച്ചെത്തുകയാണ്,
അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലൂടെ. സൂപ്പർ ഹിറ്റായ ബാംഗ്ലൂർ ഡേയ്സിലാണ് ഇതിനുമുമ്പ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.
രാജമാണിക്യം, അണ്ണൻ തമ്പി, ഛോട്ടാ മുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ ഹിറ്റുകളുടെ സംവിധായകനായ അൻവർ റഷീദ് ഏഴ് വർഷത്തെ ഇടവേളക്കുശേഷം തിരികെ വരുന്ന ചിത്രം കൂടിയാണ് ട്രാൻസ്. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലായിരുന്നു അൻവർ റഷീദിന്റെ അവസാന ചിത്രം. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ട്രാൻസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദ് എന്റർടെയിൻമെന്റ്സ് തന്നെയാണ്. കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റർഡാമിലും മുംബൈയിലുമായി ഒരു വർഷത്തിലേറെ സമയമെടുത്താണ് ട്രാൻസിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
ചിത്രത്തിൽ ഫഹദ് ഫാസിൽ, നസ്രിയ എന്നിവരെ കൂടാതെ വിനായകൻ, ഗൗതം വാസുദേവ് മേനോൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അമൽ നീരദ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി.