Sorry, you need to enable JavaScript to visit this website.

വന്ദിതാ മനോഹരം 

വന്ദിതാ മനോഹരൻ

കൊച്ചി കലാസദൻ ഗാനമേള ട്രൂപ്പിലെ അംഗമാണ് ഉല്ലാസ്. 25 വർഷത്തോളമായി ആ ട്രൂപ്പിനൊപ്പം ഉത്സവ പറമ്പുകളിലും മറ്റു വേദികളിലും ഗാനങ്ങൾ ആലപിച്ചുനടന്ന് അയാൾ കലാസദൻ ഉല്ലാസായി. തന്റെ ആലാപനത്തിൽ ആകൃഷ്ടയായ നാട്ടിൻപുറത്തുകാരിയായ മിനിയെ അയാൾ ജീവിതസഖിയാക്കി. വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് ജീവിതം തുടങ്ങിയ അവർക്ക് ഒരു പെൺകുട്ടിയും പിറന്നു. സമ്പാദ്യമൊന്നുമില്ലെങ്കിലും ഉള്ളതുകൊണ്ട് ഓണംപോലെ കഴിഞ്ഞിരുന്ന ഉല്ലാസിന്റെ ജീവിതത്തിലേയ്ക്ക് സാന്ദ്ര എന്ന യുവതി കടന്നുവരുന്നതോടെയാണ് ജീവിതം മാറിമറിയുന്നത്. നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ സാന്ദ്ര കേസിൽനിന്നും രക്ഷപ്പെടാൻ അമേരിക്കയിലേക്ക് പോകാനൊരുങ്ങുകയാണ്. ഗാനമേള ട്രൂപ്പുമായി അമേരിക്കയിൽ പോയിട്ടുള്ള ഉല്ലാസിന്റെ ഭാര്യയായി അമേരിക്കയിലേക്ക് കടക്കാനായിരുന്നു അവരുടെ പദ്ധതി. ഇതിനായി രജിസ്റ്റർ വിവാഹം കഴിക്കുകയും സർട്ടിഫിക്കറ്റ് സമ്പാദിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് മിനി അറിയാനിടയാകുന്നു. കേസും കോടതിയുമെല്ലാമായപ്പോൾ മിനി ഉല്ലാസിനെ ഉപേക്ഷിച്ചുപോകുകയാണ്. വാദപ്രതിവാദങ്ങൾക്കൊടുവിൽ ഉല്ലാസ് നിരപരാധിയാണെന്ന് തെളിഞ്ഞതോടെ ആ കുടുംബം വീണ്ടും ഒന്നിക്കുന്നു.


പഞ്ചവർണ്ണത്തത്ത എന്ന ചിത്രത്തിനുശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവൻ എന്ന ചിത്രത്തിലാണ് കലാസദൻ ഉല്ലാസായി മമ്മൂട്ടിയും മിനിയായി വന്ദിതാ മനോഹരനുമെത്തുന്നത്. കണ്ണൂർ ജില്ലയിലെ കീഴാറ്റൂരിൽനിന്നാണ് വന്ദിത മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനെത്തിയിരിക്കുന്നത്. മുമ്പ് ഒന്നു രണ്ടു ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഈ കലാകാരി കുട്ടിക്കാലം തൊട്ടേ നൃത്തരംഗത്തും നാടക രംഗത്തുമെല്ലാം സാന്നിധ്യമറിയിച്ചിരുന്നു. ശാലീനസുന്ദരിയായി പക്വതയാർന്ന അഭിനയം കാഴ്ചവച്ച് മലയാള സിനിമയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് വന്ദിത.


കുട്ടിക്കാലംതൊട്ടേ സിനിമാ അഭിനയ മോഹമുണ്ടായിരുന്ന വന്ദിത തന്റെ ആഗ്രഹപൂർത്തീകരണത്തിനാണ് പ്ലസ്ടു പഠനം കഴിഞ്ഞ് എറണാകുളം പാലാരിവട്ടത്തെ നിയോ ഫിലിം സ്‌കൂളിൽ അഭിനയം പഠിക്കാനെത്തിയത്. മകളുടെ സിനിമാ സ്വപ്‌നങ്ങൾക്ക് ചിറകുകൾ നൽകാൻ അച്ഛൻ മനോഹരനും കൂടെയുണ്ടായിരുന്നു. കൊച്ചിയിലെ ചുവരുകളിൽ മമ്മൂട്ടിയുടെ പോസ്റ്ററുകൾ കാണുമ്പോൾ തനിക്കും എന്നെങ്കിലും അദ്ദേഹത്തോടൊപ്പം നിൽക്കാൻ കഴിയണം എന്നവൾ മനസ്സിൽ കുറിച്ചിട്ടിരുന്നു. ആ സ്വപ്‌നമാണ് സാഫല്യത്തിലെത്തിയിരിക്കുന്നത്. ആദ്യചിത്രത്തിൽ തന്നെ തന്റെ ആരാധ്യ പുരുഷന്റെ നായികയായി വേഷമിടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ കലാകാരി. തൃപ്പൂണിത്തുറയിലെ വീട്ടിൽനിന്നും തന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് വന്ദിത.

മിനിയിലേയ്ക്ക് എത്തിപ്പെട്ടത്?
കാസ്റ്റിംഗ് കോൾ കണ്ട് ആദ്യമായി ഫോട്ടോസ് അയച്ചുകൊടുക്കുകയായിരുന്നു. ഒഡീഷന് വിളിച്ചപ്പോൾ സ്‌ക്രിപ്റ്റിലെ ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. രണ്ടാമത്തെ ഒഡീഷനിലാണ് നായികയായി തിരഞ്ഞെടുത്ത വിവരമറിയുന്നത്. ചിത്രത്തിന്റെ പൂജാ ദിവസമാണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്. അദ്ദേഹത്തോടൊപ്പം ഒരു ഡയലോഗെങ്കിലും പറയാൻ കഴിയണം എന്നാഗ്രഹിച്ചിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ നായികയായി മുഴുനീള വേഷം ലഭിക്കുന്നത്. തന്റെ കട്ടഫാനായ മമ്മൂക്കയുടെ നായികയായി അഭിനയിക്കാൻ കഴിയുക എന്നത് സ്വപ്‌നസമാനമായിരുന്നു. കലാസദൻ ഉല്ലാസ് എന്ന മമ്മൂക്കയുടെ കഥാപാത്രത്തിന്റെ ഭാര്യ മിനിയുടെ വേഷം. എട്ടാം ക്ലാസുകാരിയായ ഒരു മകളുമുണ്ട്. നായികയുടെ വലിയ മേക്കപ്പുകളില്ലാതെ ഇഴമങ്ങിയ ഒരു കോട്ടൺ സാരിയുടുത്ത് ഒതുങ്ങിക്കഴിയുന്ന ഒരു വീട്ടമ്മ. ഉത്സവപ്പറമ്പിലെ ഗായകന്റെ ശബ്ദത്തെ ആരാധിച്ച് അദ്ദേഹത്തോടൊപ്പം ഇറങ്ങിപ്പോന്ന ഒരു പാവം പെൺകുട്ടി. മിനിക്കുവേണ്ടി നന്നായി പെർഫോം ചെയ്യേണ്ടതുണ്ടായിരുന്നു. വീട്ടമ്മയുടെ വേഷത്തിനു പുറമെ ഒരു പാട്ടുസീനിൽ കാമുകിയായും അഭിനയിക്കുന്നുണ്ട്.

 

മമ്മൂക്കയുമൊത്തുള്ള സീനുകൾ?
അദ്ദേഹത്തിന്റെ ആരാധികയെന്നതിലുപരി അദ്ദേഹവുമായി അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു. ആദ്യ സീൻ അഭിനയിക്കുമ്പോൾ നല്ല പേടിയുണ്ടായിരുന്നു. വളരെ കൂളായി ടെൻഷനൊക്കെ മാറ്റി, സ്‌നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയത്. തെറ്റു കണ്ടാൽ തിരുത്താനും ശരിയാക്കാനുമെല്ലാം അദ്ദേഹം കൂടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹവുമൊത്തുള്ള അഭിനയം നല്ല അനുഭവമായാണ് തോന്നിയത്. ആദ്യചിത്രംതന്നെ ഇത്രയും വലിയൊരു ടീമിനോടൊപ്പം എന്നതിനാൽ ഭയമുണ്ടായിരുന്നു. മുതിർന്ന അഭിനേതാക്കൾ. മമ്മൂക്കയും മനോജ് കെ.ജയനും ഇന്നസെന്റും സിദ്ദീഖും കുഞ്ചനുമൊക്കെയുള്ള ചിത്രം. അഴഗപ്പൻ സാറിനെപ്പോലെയുള്ള സീനിയർ ക്യാമറാമാൻ. എങ്കിലും എല്ലാവരും വളരെ സൗഹൃദപരമായാണ് പെരുമാറിയത്.

കഥാപാത്രത്തിനുവേണ്ട തയ്യാറെടുപ്പുകൾ?
പ്രായത്തേക്കാൾ പക്വതയുള്ള കഥാപാത്രമായിരുന്നു മിനിയുടേത്. ശരീരഭാഷയും സംസാരരീതിയുമെല്ലാം മാറ്റേണ്ടതുണ്ടായിരുന്നു. പക്വതയാർന്ന സമീപനത്തിനായി ആദ്യമായി കുറച്ചു തടികൂട്ടി. സിങ്ക് സൗണ്ട് സമ്പ്രദായമായിരുന്നു ചിത്രത്തിൽ ഉപയോഗിച്ചത്. അതിനായി ഡയലോഗുകൾ പറയേണ്ട രീതിയെല്ലാം രമേഷേട്ടൻ കൃത്യമായി പറഞ്ഞുതന്നിരുന്നു. പഴയകാല പ്രണയം കാണിക്കുമ്പോഴുള്ള പാട്ടുസീനിൽ ചെയ്യേണ്ടതായ കാര്യങ്ങളും വ്യക്തമായി പറഞ്ഞുതന്നു.

ആദ്യചിത്രത്തിൽ തന്നെ അമ്മവേഷം?
ആദ്യചിത്രത്തിൽതന്നെ എട്ടാം ക്ലാസുകാരിയായ ഒരു പെൺകുട്ടിയുടെ അമ്മവേഷം ചെയ്യുന്നതിൽ ടെൻഷനൊന്നുമുണ്ടായിരുന്നില്ല. മമ്മൂക്കയുടെ നായികാവേഷമാണ് ഏറെ ആകർഷിച്ചത്. നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിനൊടുവിൽ കിട്ടിയ വേഷം. വളരെ സീനിയറായ നടന്മാരോടൊപ്പം അഭിനയിക്കാനുള്ള അവസരം. ഇതൊക്കെയാണ് ചിത്രത്തിലേയ്ക്ക് ആകർഷിച്ചത്.

സംവിധായകന്റെ സഹകരണം?
ബഡായി ബംഗ്ലാവിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം എല്ലാവർക്കും സുപരിചിതനാണ് രമേഷേട്ടൻ. ഫോട്ടോ കണ്ട് ഒഡീഷന് ക്ഷണിച്ചപ്പോൾ തന്നെ ഏറെ സന്തോഷം തോന്നി. രണ്ടു തവണ ഒഡീഷൻ കഴിഞ്ഞാണ് സെലക്ഷൻ ലഭിച്ചത്. ഓരോ സന്ദർഭത്തിലും കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞുതരുമായിരുന്നു. ശരിക്കും നമ്മെ കംഫർട്ടബിൾ ആക്കിയശേഷം മാത്രമേ അഭിനയിപ്പിക്കൂ. ഒരു സംവിധായകൻ എന്നതിലുപരി നല്ലൊരു സുഹൃത്തും കൂടിയാണ് അദ്ദേഹം. തൃശൂർ ജില്ലയിലെ തൃപ്രയാറിനടുത്തുള്ള ഒരു വീട്ടിലായിരുന്നു ചിത്രീകരണം. ഒരു മാസത്തോളം ഞങ്ങളവിടെ ഉണ്ടായിരുന്നു.

 

അഭിനയ പരിചയം?
സ്‌കൂൾ തലങ്ങളിൽ നാടകങ്ങളിൽ വേഷമിട്ടിരുന്നു. കൂടാതെ നൃത്തവേദികളിലുമുണ്ടായിരുന്നു. എറണാകുളത്തെ നിയോ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ പരിശീലനം ഏറെ സഹായിച്ചു. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ ഹൗ ഓൾഡ് ആർ യുവിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1971 ബിയോണ്ട് ബോർഡേഴ്‌സ് എന്ന ചിത്രത്തിൽ ലാലേട്ടന്റെ കാമുകിയുടെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചത്.

വീട്ടുകാരുടെ സഹകരണം?
കണ്ണൂർ ജില്ലയിലെ ഒരു നാട്ടിൻപുറത്തുനിന്നാണ് സിനിമയിലെത്തിയത്. സിനിമാ മോഹമറിഞ്ഞപ്പോൾ ചിലർ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ അച്ഛനാണ് കൂടെ നിന്നത്. നല്ല വേഷത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ്. ആത്മാർത്ഥമായി ആഗ്രഹിച്ചാൽ സ്വപ്‌നം സഫലമാകുമെന്നതിന്റെ തെളിവാണിത്.

കുടുംബ പശ്ചാത്തലം?
ബിസിനസുകാരനാണ് അച്ഛൻ മനോഹരൻ. അമ്മ മഹിജ വീട്ടമ്മയും. ചേച്ചി നമിത അധ്യാപികയാണ്. പ്ലസ്ടു വരെ നാട്ടിലായിരുന്നു പഠനം. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടണമെന്നാണ് മോഹം. അതിനായി വിദൂര വിദ്യാഭ്യാസത്തിലൂടെ പഠനം തുടരുകയാണ്.

Latest News