തൃശ്ശൂര്‍-സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജു വാരിയരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് സാക്ഷികളുടെ മൊഴിയെടുക്കല്‍ തുടരുന്നു. 'ഒടിയന്‍ '' സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണു നീക്കം. സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ മോശമായി പെരുമാറിയെന്നു മഞ്ജുവിന്റെ പരാതിയിലുണ്ട്. അതുകൊണ്ടു സെറ്റില്‍ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരില്‍നിന്നും മൊഴിയെടുക്കും.നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സി. ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റര്‍ , മഞ്ജു ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി രേഖ തുടങ്ങിയവരില്‍നിന്നു മൊഴിയെടുത്തു. കൂടുതല്‍ പേരില്‍നിന്ന് മൊഴിയും തെളിവുമെടുത്ത ശേഷമായിരിക്കും തുടര്‍നടപടികളിലേക്കു കടക്കുകയെന്ന് അന്വേഷണസംഘം അറിയിച്ചു.
മുന്നു വകുപ്പുകള്‍ പ്രകാരമാണ് ശ്രീകുമാറിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തി, ഗൂഢഉദേശ്യത്തോടെ സ്ത്രീയെ പിന്തുടര്‍ന്നു, സമൂഹ മാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി എന്നിവയാണവ.
മലയാള സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് സംവിധായകന്‍ ശ്രീകുമാര മേനോനെതിരെ മഞ്ജുവാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും മഞ്ജുവാര്യര്‍ പരാതിയില്‍ പറയുന്നു. പരാതിയില്‍ സാമ്പത്തിക ചൂഷണവും, ഭീഷണിയും വ്യക്തമാക്കുന്നുണ്ട്.
ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഒടിയന്‍ സിനിമയുടെ നിര്‍മാണ കാലംമുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവിരോധമുണ്ട്. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം അപമാനിക്കുന്നുവെന്നും തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പറയുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.