ന്യൂദല്‍ഹി- 47ാമത് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയായി സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചുമതലയേറ്റു. രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിച്ച ഒഴിവില്‍ നിയമിക്കപ്പെട്ട 63കാരനായ ബോബ്‌ഡെ 2021 ഏപ്രില്‍ 23 വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. ജസ്റ്റിസുമാരായ എന്‍ വി രമണ, യുയു ലളിത്, ഡി വൈ ചന്ദ്രചൂഢ് എന്നിവരാണ് യഥാക്രമം ബോബ്‌ഡെയുടെ പിന്‍ഗാമികള്‍.
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ ജസ്റ്റിസ് ബോബ്‌ഡെ 1978ലാണ് മഹാരാഷട്ര ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്. 1998ല്‍ മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവി ലഭിച്ചു. ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി 2000 മാര്‍ച്ചിലാണ് ആദ്യമായി ബോബ്‌ഡെ ന്യായാധിപനായുള്ള ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2012ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2013 ഏപ്രിലില്‍ സുപ്രീം കോടതി ജഡ്ജിയായും സ്ഥാനക്കയറ്റം ലഭിച്ചു.