കൊച്ചി-സോഷ്യല്‍ മീഡിയയിലൂടെ പലരും തന്നോട് മോശമായി പെരുമാറിയിണ്ടുണ്ടെന്ന് നടി സാധിക വേണുഗോപാല്‍. മലയാളികള്‍ കപടസദാചാരക്കാരാണെന്നും താരം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പലവട്ടം ആളുകള്‍ അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും ഇന്‍ബോക്‌സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ടെന്നും വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ടെന്നും സാധിക പറഞ്ഞു. 'കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുമുണ്ട്' സാധിക പറഞ്ഞു. 'മലയാളികള്‍ക്ക് എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്. എല്ലാം വേണം എന്നാല്‍ ബാക്കിയുള്ളവര്‍ ഒന്നും അറിയരുത്. ഇങ്ങനെയുള്ള കപടസദാചാരക്കാരാണ് മലയാളികള്‍ ' സാധിക പറഞ്ഞു.
ജോലിയുടെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുമെന്നും അതിന്റെ പേരില്‍ ആര്‍ക്കും തന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ലെന്നും താരം വ്യക്തമാക്കി. മറച്ചു വയ്‌ക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ആളുകളുടെ കമന്റുകള്‍ക്ക് പിന്നിലെന്നും സാധിക പറഞ്ഞു. 'മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ കലയായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ല' ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സാധിക വ്യക്തമാക്കി.
കുടുംബം ഇന്നുവരെ ഞാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കും ശരികള്‍ക്കും ഒപ്പം നിന്നിട്ടുണ്ട് എന്നും സാധിക അഭിമുഖത്തില്‍ പറഞ്ഞു.