മുംബൈ- കടക്കെണിയില്‍ മുങ്ങി പാപ്പരായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ പദവിയില്‍ നിന്നും ഉടമ അനില്‍ അംബാനി രാജിവെച്ചു. അംബാനിക്കു പുറമെ ഛായ വിരാനി, റയ്‌ന കരണി, മഞ്ജരി കാക്കര്‍, സുരേഷ് റാംഗ്ചര്‍ എന്നിവര്‍ പദവി ഒഴിഞ്ഞു. കമ്പനിയുടെ ചീഫ് ഫിനാഷ്യന്‍ ഓഫീസര്‍ മണികണ്ഠന്‍ വി നേരത്തെ രാജിവെച്ചിരുന്നു. രാജികളെല്ലാം കമ്പനിയുടെ കടക്കാരുടെ സമിതിയുടെ പരിഗണനയിലാണ്.
കടംകയറി പ്രവര്‍ത്തനം ഏതാണ്ട് നിലച്ച റിലയന്‍സ് കമ്യൂണിക്കേഷന്‍ ഇപ്പോള്‍ പാപ്പര്‍ നടപടികളിലൂടെ കടന്നു പോകുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയടെ മൊത്തം നഷ്ടം 30,142 കോടി രൂപയാണ്. ബാധ്യതകള്‍ തീര്‍ക്കലും, നിയമപ്രകാരമുള്ള തിരിച്ചടവുകളും കാരണമാണ് നഷ്ടം ഉയര്‍ന്നത്. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കും.