മുംബൈ- മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബിജെപിയുടെ ആത്മവിശ്വാസ പ്രകടനത്തിനു പിന്നില്‍ കുതിരക്കച്ചവട നീക്കമെന്ന് ശിവസേന. ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും ആദ്യം പിന്‍വാങ്ങിയ ബിജെപി ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത് രാഷ്ട്രപതി ഭരണത്തിന്റെ മറവില്‍ കുതിരക്കച്ചവടം നടത്താമെന്ന പ്രതീക്ഷയിലാണെന്നും ശിവസേനയുടെ മുഖപത്രമായ സാംനയില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ആരോപിച്ചു. പുതുതായി രൂപംകൊണ്ട ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ ആറു മാസം തികയ്ക്കില്ലെന്ന മുന്‍ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവനയേയും കുറിപ്പില്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ പലര്‍ക്കും വയറുവേദനയുണ്ടാക്കിയിരിക്കുന്നു എന്നും ശിവസേന പറഞ്ഞു.
തങ്ങള്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. 288 അംഗ നിയമസഭയില്‍ 105 സീറ്റുകള്‍ മാത്രമുള്ള ബിജെപിക്ക് 119 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. നേരത്തെ ഭൂരിപക്ഷമില്ലെന്നു പിന്മാറിയ ബിജെപി ഇപ്പോള്‍ പുതിയ അവകാശവാദവുമായി രംഗത്തെത്തിയത് കാണിക്കുന്നത് അവരുടെ കുതിരക്കച്ചവട നീക്കമാണ്. സുതാര്യ ഭരണം വാഗ്ദാനം ചെയ്തവരുടെ തനിനിറം ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. അധാര്‍മിക വഴികളിലൂടെയുള്ള നീക്കങ്ങള്‍ സംസ്ഥാനത്തിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും ശിവ സേന വ്യക്തമാക്കി.