മുംബൈ- ഗുജറാത്തിലെ സൂറത്തില്‍നിന്ന് മുംബൈയിലേക്ക് വന്ന സ്പൈസ് ജെറ്റ് വിമാനത്തില്‍ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണ കാരണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ പരിശോധനക്കായി ശരീരകോശ സാമ്പിളുകള്‍ സര്‍ ജെജെ ആശുപത്രിയിലേക്ക് അയച്ചിരിക്കയാണ്.
വിമാനത്തില്‍വെച്ച് തന്നെ റിയ എന്ന കുഞ്ഞ് അബോധാവസ്ഥയിലായിരുന്നുവെങ്കിലും അമ്മ പ്രീതി ജിന്‍ഡാലും മുത്തശ്ശിമാരും അറിഞ്ഞിരുന്നില്ലെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചു. മുംബൈയില്‍ വിമാനം ഇറങ്ങിയതിന് ശേഷം റിയയെയും അമ്മയെയും എയര്‍പോര്‍ട്ട് മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോയി. സിപിആര്‍ നല്‍കിയിട്ടും കുഞ്ഞില്‍നിന്ന് പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും നാനാവതി ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചുവെന്നും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജയ്പൂരില്‍നിന്ന് മുംബൈയിലേക്കുള്ള വിമാനത്തില്‍ സൂറത്തില്‍നിന്നാണ് കുഞ്ഞും കുടുംബവും കയറിയത്.
പുലര്‍ച്ചെ അഞ്ചരയോടെയാണ് മകള്‍ക്ക് ഭക്ഷണം നല്‍കിയതെന്ന് അമ്മ ഡോക്ടര്‍മാരോട് പറഞ്ഞു. തുടര്‍ന്ന് ഉറങ്ങിയ കുഞ്ഞില്‍നിന്ന് ചലനമില്ലാത്തത് കുടുംബം ശ്രദ്ധിച്ചിരുന്നുവെങ്കിലം ഉറങ്ങുകയാണെന്നാണ് കരുതിയത്.
മുംബൈയില്‍ വന്നിറങ്ങിയ ശേഷം വിമാനം ടാക്‌സി ബേയില്‍ നില്‍ക്കുമ്പോഴാണ് വിവരം അറിയച്ചതെന്നും ഉടന്‍ തന്നെ മെഡിക്കല്‍ സഹായം നല്‍കിയെന്നും സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു.