കൊളംബോ- ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന ന്യൂനപക്ഷ മുസ്ലിംകള് സഞ്ചരിച്ച ബസുകള്‍ക്കുനേരെ വെടിയുതിര്‍ത്തു.
വടക്കുപടിഞ്ഞാറന്‍ ശീലങ്കയിലാണ് സംഭവം.
തലസ്ഥാനമായ കൊളംബോയില്‍നിന്ന് 240 കി.മീ അകലെ തന്തിരിമാലിയിലുണ്ടായ വെടിവെപ്പില്‍ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
നൂറിലേറെ വാഹനങ്ങള്‍ തടയുന്നതിന് അക്രമികള്‍ റോഡില്‍ ടയര്‍ കത്തിച്ചതായും റോഡ് ബ്ലോക്ക് ഉണ്ടക്കിയതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാഹനങ്ങള്‍ക്കുനേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയും കല്ലെറിയുകയും ചെയ്തുവെന്ന് തന്തിരിമാലിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. തീരദേശ പട്ടണമായ പുത്തലാമില്‍ നിന്നുള്ള മുസ്്ലിംകള്‍ വോട്ട് ചെയ്യാനായി അയല്‍ ജില്ലയായ മന്നാറിലേക്ക് പോകുകായിരുന്നു.
കൂടുതല്‍ പോലീസ് സ്ഥലത്തെത്തി റോഡിലെ തടസ്സങ്ങള്‍ നീക്കി വോട്ടര്‍മാരുടെ വാഹനങ്ങള്‍ക്ക് അകമ്പടി പോയതായി ഔദ്യോഗിക വക്താവ് പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭവന മന്ത്രി സജിത് പ്രേമദാസയും പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോതബയ രാജപക്സയും തമ്മിലുള്ള മത്സരത്തില്‍ വിജയിയെ തീരുമാനിക്കുന്നതില്‍ ശ്രീലങ്കയിലെ ന്യൂനപക്ഷ തമിഴരുടേയും മുസ് ലിംകളുടേയും വോട്ട് നിര്‍ണായകമാണ്.
തമിഴ് ന്യൂനപക്ഷം കേന്ദ്രീകരിച്ചരിക്കുന്ന ജാഫ്നയില്‍ തുടരുന്ന ശക്തമായ സൈനിക സാന്നിധ്യം വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും മുന്‍ പ്രതിരോധ മന്ത്രാലയ മേധാവിയും മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെയുടെ സഹോദരനുമായ ഗോതബയ രാജപക്സെ അനുകൂലമാകുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.