മുംബൈ- മൂന്നാഴ്ചയോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് കളമൊരുങ്ങുന്നു. എൻ.സി.പി-കോൺഗ്രസ്-ശിവസേന സഖ്യത്തിന്റെ സർക്കാർ ഉടൻ നിലവിൽ വരുമെന്നാണ് കരുതുന്നത്. കൂടുതൽ എം.എൽ.എമാരുള്ള ശിവസേനക്ക് പതിനാറും എൻ.സി.പിക്ക് പതിനാലും കോൺഗ്രസിന് പന്ത്രണ്ടും മന്ത്രിമാരെ ലഭിക്കും. മുഖ്യമന്ത്രി സ്ഥാനം ശിവസേനക്കും ഉപമുഖ്യമന്ത്രി പദവി എൻ.സി.പിക്കും കോൺഗ്രസിനുമായിരിക്കും.16:14:12 ഫോർമുലയിൽ ഏകദേശം ധാരണയായിട്ടുണ്ട്. എന്നാൽ കൂടുതൽ മന്ത്രിമാരെ വേണമെന്ന നിലപാട് കോൺഗ്രസ് ആവർത്തിച്ചു. ഇക്കാര്യത്തിലാണ് ഇപ്പോൾ ചർച്ച പുരോഗമിക്കുന്നത്. ബി.ജെ.പി സഖ്യത്തിൽനിന്ന് പുറത്തുവന്ന ശിവസേന പിന്നീട് കോൺഗ്രസ്-എൻ.സി.പി മുന്നണിയുമായി ചേർന്ന് കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. ബാന്ദ്രയിൽ ഇന്നലെ നടന്ന യോഗത്തിലാണ് സർക്കാർ രൂപീകരണത്തിനുള്ള വഴിയൊരുങ്ങിയത്
കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹേബ് തൊറാട്ടും എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലും ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നൽകുന്നതിനോട് യോജിക്കുകയായിരുന്നു. എൻ.സി.പിക്കും കോൺഗ്രസിനും ഓരോ ഉപമുഖ്യമന്ത്രിമാർ വീതം ഉണ്ടാകും. സ്പീക്കർ സ്ഥാനം കോൺഗ്രസിനും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം എൻ.സി.പിക്കും ലഭിക്കും. നിയമനിർമാണ കൗൺസിൽ അധ്യക്ഷ സ്ഥാനം ശിവസേനയ്ക്കായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റവന്യൂമന്ത്രി പദവി കോൺഗ്രസിനായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 130 കോർപ്പറേഷൻ പദവികളുടെ വിഭജനവും 16:14:12 എന്ന അനുപാതത്തിലായിരിക്കും. പൊതുമിനിമം പദ്ധതി സംബന്ധിച്ച് പാർട്ടികൾ തീരുമാനം എടുക്കുന്ന ഘട്ടത്തിൽ മാത്രമായിരിക്കും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.ഇന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം മന്ത്രിസഭ രൂപീകരണം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.