മിര്‍സാപൂര്‍- ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കാമ്പസിലെ കളിസ്ഥലത്തു നിന്നും ആര്‍ എസ് എസ് പതാക നീക്കം ചെയ്ത ഉന്നത ഉദ്യോഗസ്ഥ കിരണ്‍ ദാംലെ അധികൃതരുടെ സമ്മര്‍ദ്ദം കാരണം ജോലി ഉപേക്ഷിച്ചു. മതവിശ്വാസത്തെ അവഹേളിച്ചെന്ന കുറ്റം ചുമത്തി യുപി പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സര്‍വകലാശയുടെ ഡെപ്യൂട്ടി ചീഫ് പ്രോക്ടര്‍ ആണ് ഇവര്‍. ചൊവ്വാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ കളിസ്ഥലത്ത് നടത്തിയ ആര്‍ എസ് എസ് ശാഖ യോഗത്തിനിടെയാണ് കൊടി നീക്കിയത്. തുടര്‍ന്ന് ആര്‍ എസ് എസ് അനുകൂല വിദ്യാര്‍ത്ഥികള്‍ കിരണ്‍ ദാംലെയ്‌ക്കെതിരെ കാമ്പസില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. പ്രാദേശിക ആര്‍ എസ് എസ് നേതൃത്വം നല്‍കിയ പരാതിയില്‍ പോലീസ് ക്രിമിനല്‍ കേസുമെടുത്തു. ഒടുവില്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ ഇവര്‍ രാജിവെക്കുകയായിരുന്നു.
താന്‍ യൂണിവേഴ്‌സിറ്റിയുടെ ചട്ടങ്ങള്‍ പിന്തുടരുക മാത്രമാണ് ചെയ്തതെന്ന് കിരണ്‍ ദാംലെ പറഞ്ഞു. ഒത്തുകൂടിയ ആര്‍എസ്എസ് ശാഖാ അംഗങ്ങളോട് പതാക നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവരത് ചെവികൊണ്ടില്ല. അതു കൊണ്ടാണ് താന്‍ പതാക എടുത്ത് എന്റെ പിയൂണിന് കൈമാറിയത്്. ഇതു ചോദ്യംചെയ്തു അവര്‍ രംഗത്തു വന്നപ്പോള്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഈ പതാക ഇവിടെ നാട്ടാന്‍ കഴിയില്ലെന്നു മറുപടിയും നല്‍കിയിരുന്നു. അവര്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ കളിസ്ഥലത്ത് ഇത് അനുവദിക്കില്ലെന്ന് മറുപടിയും നല്‍കിയതാണ്- കിരണ്‍ ദംലെ പറയുന്നു.
ആര്‍എസ്എസ് പതാകയെ അവഹേളിച്ചെന്നാരോപിച്ച് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ യുണിവേഴ്‌സിറ്റി ഭരണകാര്യാലയത്തിനു മുമ്പില്‍ പ്രകടനം നടത്തി. ആര്‍ എസ് എസ് ശാഖ യൂണിവേഴ്‌സിറ്റിയില്‍ അനുവദിക്കില്ലെന്നാണ് കിരണ്‍ ദാംലെ പറഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതോടെ പ്രാദേശിക ആര്‍ എസ് എസ് നേതൃത്വവും ബിജെപി നേതാക്കളും വിദ്യാര്‍ത്ഥികളെ പിന്തുണച്ചു രംഗത്തു വന്നതോടെ കിരണ്‍ ദാംലെ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. ആര്‍ എസ് എസ് നേതാക്കള്‍ യൂണിവേഴ്‌സിറ്റിയുടെ കാര്യങ്ങള്‍ ഇടപെടുന്നതിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി.