വാൾട്ട് ഡിസ്‌നി കമ്പനി സ്ട്രീമിംഗ് വീഡിയോ സേവന രംഗത്ത് അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട സ്ട്രീമിംഗിൽ തുടക്കത്തിൽ സാങ്കേതിക തകരാർ അഭിമുഖീകരിച്ചുവെങ്കിലും വൻസ്വീകാര്യതയാണ് ലഭിച്ചതെന്ന് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പുതിയ സ്റ്റാർ വാർസ് സീരീസായ ദ മാൻഡലോറിയനുമായി ഡിസ്‌നി പ്ലസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. സൈൻ-അപ്പ് ചെയ്ത് ഡിസ്‌നി പ്ലസ് കാണാൻ കഴിഞ്ഞതിന്റെ ആവേശം ഉപയോക്താക്കൾ ട്വിറ്ററിൽ പങ്കുവെച്ചു.
ചൊവ്വാഴ്ച പുലർച്ചെ ലോഗ്- ഇൻ ചെയ്യാൻ ശ്രമിച്ചപ്പോൾ ആപ്ലിക്കേഷനിൽ തകരാറുകൾ നേരിട്ടുവെന്ന് പല ഉപയോക്താക്കളും ഡിസ്‌നി പ്ലസ് ഹെൽപ് ട്വിറ്റർ ഹാൻഡിലിൽ പരാതിപ്പെട്ടു. പ്രതീക്ഷിച്ചതിലുമപ്പുറമുള്ള സ്വീകാര്യതയാണ് ലഭിച്ചതെന്നും ഉപയോക്താക്കളുടെ വൻഡിമാന്റാണുള്ളതെന്നും ഡിസ്‌നി കമ്പനി വ്യക്തമാക്കി. അവിശ്വസനീയമായ ഉപഭോക്തൃ പ്രതികരണത്തിൽ ആഹ്ലാദമുണ്ടെങ്കിലും നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാമെന്നും അവ വേഗത്തിൽ പരിഹരിക്കുമെന്നും കമ്പനി വക്താവ് പത്രക്കുറിപ്പിൽ പറഞ്ഞു.
ഒരേ സമയം നിരവധി ആളുകൾ കാണാൻ ശ്രമിക്കുമ്പോൾ സ്ട്രീമിംഗ് സേവനങ്ങൾ തകരാറിലാവുക സാധാരണമാണെന്ന് സാങ്കേതിക രംഗത്തുള്ളവർ പറയുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള വിനോദ കമ്പനിയായ ഡിസ്‌നി നിലവിൽ സ്ട്രീമിംഗ് രംഗത്തെ അതികായരായ നെറ്റ്ഫ്‌ലിക്‌സ് , ആമസോൺ.കോം, ആപ്പിൾ തുടങ്ങിയവയുമായുള്ള മത്സരത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്.
ഡിസ്‌നി പ്ലസിന് അഞ്ച് വർഷത്തിനുള്ളിൽ ലോകമെമ്പാടുമായി 90 ദശലക്ഷം വരിക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിസ്‌നി പ്ലസ് പരമാവധി ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഉപയോക്താക്കൾക്ക് ഒരു പാസ്‌വേഡ് കുടുംബത്തിന്റെ 10 ഉപകരണങ്ങളിൽ സേവ് ചെയ്യാനും ഒരേസമയം നാല് സിനിമകളോ ഷോകളോ കാണാനും കഴിയും.