ന്യൂദല്‍ഹി- ശബരിമല യുവതീ പ്രവേശനത്തോടൊപ്പം മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശന വിഷയവും വിശാല ഭരണഘടനാ ബെഞ്ചിനു വിട്ടതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറിയിച്ചു.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച ഉത്തരവിനെതിരായ പുനഃപരിശോധനാ ഹരജികള്‍ വിശാല ഭരണഘടനാ ബെഞ്ചിനു വിട്ടുകൊണ്ടുള്ള ഭൂരിപക്ഷ വിധി വായിക്കുമ്പോഴാണ് മതപരമായ ആചാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റു വിഷയങ്ങളും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചത്.
മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശം, ദാവൂദി ബോറ സമുദായത്തില്‍ നിലവിലുള്ള സ്ത്രീകളുടെ ചേലാകര്‍മം, സമുദായത്തിന് പുറത്ത് വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ ശ്മാശന പ്രവേശം എന്നീ വിഷയങ്ങളും വിശാല ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മതത്തിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഭരണഘടനാ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്ന് നിര്‍ണയിക്കേണ്ട സുപ്രധാന പ്രശ്‌നമുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിരീക്ഷിച്ചു.